യുകെ, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് വിലക്ക്; മാര്‍ച്ച് 18-ാം തീയതി 12 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍; കൊറോണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം

March 18, 2020 |
|
News

                  യുകെ, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് വിലക്ക്; മാര്‍ച്ച് 18-ാം തീയതി 12 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍; കൊറോണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം

ന്യൂഡല്‍ഹി: യുകെ, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് അവസാനം വരെ ഇവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പോലും പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയാണ് ഈ തീരുമാനം.

യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകള്‍ 2020 മാര്‍ച്ച് 18 മുതല്‍ നിരോധിച്ചിരിക്കുന്നു. അത് പ്രാബല്യത്തിലാകുകയും ചെയ്തു. ഒരു എയര്‍ലൈനും ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കയറ്റില്ല എന്നത് 2020 മാര്‍ച്ച് 18-ാം തീയതി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ തന്നെ എയര്‍ലൈനുകള്‍ ഇത് നടപ്പിലാക്കും. അതേസമയം ഈ രണ്ട് നിര്‍ദ്ദേശങ്ങളും താല്‍ക്കാലിക നടപടികളാണ്. 2020 മാര്‍ച്ച് 31 വരെ ഇത് പ്രാബല്യത്തിലുണ്ടാകും. പിന്നീട് വിശദമായി അവലോകനം ചെയ്യുന്നതായിരിക്കുമെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ യൂറോപ്പിലുടനീളമുള്ള 27 രാജ്യങ്ങളാണുള്ളതെങ്കില്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനില്‍ നാല് അംഗങ്ങളുണ്ട്-സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ലിച്ചെന്‍സ്‌റ്റൈന്‍, ഐസ്ലാന്റ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ക്കും ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഈ നിരോധനവും നിലവില്‍ വന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു.

ഈ നിരോധനം നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അവര്‍ക്ക് ഈ മാസം അവസാനം വരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരും. ഇന്ത്യ വെള്ളിയാഴ്ച മുതല്‍ നിരോധന തീരുമാനങ്ങളെടുത്തിരുന്നെങ്കിലും അതിന് മുമ്പ് തന്നെ നിരവധി വിദേശ, അന്തര്‍ദ്ദേശീയ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള 500 ലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.  

ലോകമെമ്പാടുമുള്ള 170,000 ത്തിലധികം ആളുകളെ ബാധിക്കുകയും 6,500 ല്‍ അധികം ആളുകള്‍ മരിക്കുകയും ചെയ്ത കോവിഡ് -19 ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 112 കേസുകള്‍ മാത്രമാണ്. പക്ഷേ ഈ എണ്ണം ഉയരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുകെക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ഏകാന്തവാസം അനുശാസിച്ചിട്ടുണ്ട്. ചൈന, കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ നിര്‍ബന്ധിതമായി ഏകാന്തവാസത്തില്‍ പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved