ഇന്ത്യയില്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ്

July 23, 2020 |
|
News

                  ഇന്ത്യയില്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ്

അമേരിക്കന്‍ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ളിക്സ് ഇന്ത്യയ്ക്കായി ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 349 രൂപ വിലയുള്ള പുത്തന്‍ പ്ലാനില്‍, മൊബൈല്‍ ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ടാബ്ല്റ്റുകള്‍ക്കുമായി ഹൈ ഡെഫനിഷന്‍ (എച്ച്ഡി) കണ്‍ടന്റുകള്‍ ലഭ്യമായിരിക്കും. എന്നാലിത്, ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് ലഭ്യമായിരിക്കില്ല. റീഡ് ഹേസ്റ്റിംഗ്സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഇന്ത്യയ്ക്കായി മൊബൈല്‍ ഓണ്‍ലി പ്ലാന്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. മൊബൈല്‍ സ്‌ക്രീനിനായി സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) കണ്‍ടന്റുകള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന പ്ലാനിന് പ്രതിമാസം 199 രൂപയാണ് വില.

'സ്മാര്‍ട്ഫോണുള്ള ആര്‍ക്കും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഞങ്ങള്‍ മൊബൈല്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഓഫര്‍ നല്‍കുന്ന അധിക ചോയ്സ് നെറ്റ്ഫ്ളിക്സ് അംഗങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ അങ്ങനെ ചെയ്താല്‍ മാത്രമെ ഞങ്ങള്‍ ഈ പ്ലാന്‍ ദീര്‍ഘകാലത്തേക്ക് പുറത്തിറക്കുകയുള്ളൂ,' ഒരു പ്രസ്താവനയിലൂടെ കമ്പനി സ്ഥിരീകരിച്ചു. മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ലോകത്താദ്യമായും ഇന്ത്യയില്‍ നാലാമതായുമാണ് നെറ്റ്ഫ്ളിക്സ് അവതരിപ്പിക്കുന്നത്. അടിസ്ഥാന പ്ലാന്‍ (499 രൂപ), സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ (649 രൂപ), പ്രീമിയം പ്ലാന്‍ (799 രൂപ) എന്നിവയാണ് മറ്റുള്ളവ.

കഴിഞ്ഞ ആഴ്ച, നെറ്റ്ഫ്ളിക്സ് ഏഷ്യാ പസഫിക് മേഖലയില്‍ 22.49 ദശലക്ഷം പെയ്ഡ് അംഗത്വങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തിലാവട്ടെ 2.66 ദശലക്ഷം നെറ്റ് അഡീഷനുകള്‍. റീഡ് ഹെസ്റ്റിംഗ്സിന്റെ ഉടമസ്ഥതയിലുള്ള സേവനം, ആഗോളതലത്തില്‍ 10.1 ദശലക്ഷം പെയ്ഡ് അംഗത്വങ്ങളാണ് ചേര്‍ത്തത്. നെറ്റ്ഫ്ളിക്സിന്റെ വരുമാനം രണ്ടാം പാദത്തില്‍ 25 ശതമാനം വര്‍ധിക്കുകയുമുണ്ടായി. മാധ്യമ വദഗ്ധരുടെയും ഗവേഷണ റിപ്പോര്‍ട്ടുകളുടെയും അഭിപ്രായത്തില്‍ ഇന്ത്യയില്‍ 5 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ളിക്സിനുള്ളത്. കൊവിഡ് 19 മഹാമാരി മൂലം, മാര്‍ച്ച് പകുതി മുതല്‍ ഇന്ത്യയിലെ എല്ലാ ഉല്‍പാദനങ്ങളും നിര്‍ത്തിവെച്ചതായി നെറ്റ്ഫ്ളിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്ക ഷേര്‍ഗില്‍ അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. തന്റെ അവസാന ഇന്ത്യ സന്ദര്‍ശനത്തില്‍ നെറ്റ്ഫ്ളിക്സ് സ്ഥാപകന്‍ റീഡ് ഹേസ്റ്റിംഗ്സ് പ്രഖ്യാപിച്ച 3,000 കോടിയുടെ നിക്ഷേപം രാജ്യത്തോടുള്ള നെറ്റ്ഫ്ളിക്സിന്റെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved