
ന്യൂഡല്‍ഹി: ഇനി എടിഎം കാര്‍ഡ് എടുക്കുവാന്‍ മറന്നാലും ടെന്‍ഷനില്ലാതെ സുഖമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എടിഎം കമ്പനിയായ എന്‍സിആര്‍ കോര്‍പ്പറേഷന്‍ ആണ് എളുപ്പത്തില്‍ യുപിഐ ഐഡി ഉപയോഗിച്ച് പണം പിന്‍വലിക്കുവാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. ഇന്റര്‍ ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ (ഐസിസിഡബ്ല്യു) എന്ന ഈ സംവിധാനം യുപിഐ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാര്‍ഡില്ലാതെ പണം എടുക്കുവാനുള്ള സജ്ജീകരണമാണിത്.
സിറ്റി യൂണിയന്‍ ബാങ്കുമായി സഹകരിച്ചാണ് എന്‍സിആര്‍ കോര്‍പ്പറേഷന്‍ ഇത് ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1500 ഓളം എടിഎമ്മുകള്‍ ഈ സൗകര്യം ലഭ്യമാക്കും. കൂടുതല്‍ എടിഎമ്മുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഗ്രേഡ് അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുപിഐ അപ്ലിക്കേഷന്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
1. സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ പേ, ഭീം, പേടിഎം, ആമസോണ്‍ പേ പോലുള്ള ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ തുറക്കുക
2. ആപ്ലിക്കേഷന്‍ തുറന്ന ശേഷം, എടിഎം സ്‌ക്രീനില്‍ കാണിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
3. പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക ടൈപ്പ് ചെയ്ത് നല്‍കി പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തുക. നിലവില്‍, ഈ സൗകര്യം ഉപയോഗിച്ച് ഒരു സമയം 5,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
4. പ്രൊസീഡ് ബട്ടണ്‍ അമര്‍ അമര്‍ത്തിയ ശേഷം, 4 അല്ലെങ്കില്‍ 6 അക്ക യുപിഐ പിന്‍ എന്റര്‍ ചെയ്യുക. പണം സ്വീകരിക്കുക.
ഈ സൗകര്യം ഉപയോഗിക്കുന്നതിന്, ബാങ്ക് അക്കൗണ്ട് യുപിഐ ആപ്ലിക്കേഷനുമായി ലിങ്കുചെയ്യേണ്ടതുണ്ട് . ഒരു യുപിഐ ആപ്പ് വഴി ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.