ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേ സൗകര്യം അവതരിപ്പിച്ച് എന്‍പിസിഐ

July 24, 2020 |
|
News

                  ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേ സൗകര്യം അവതരിപ്പിച്ച് എന്‍പിസിഐ

ന്യൂഡല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേയുടെ പ്രവര്‍ത്തനം ആരംഭിച്ചു. യുപിഐ 2.0ന് കീഴില്‍ അവതരിപ്പിച്ച പുതിയ സംവിധാനം വഴി മൊബൈല്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, ഇഎംഐ, ഒടിടി സബ്സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, വായ്പാ അടവ്, ട്രാന്‍സിറ്റ്/മെട്രോ തുടങ്ങിയവയുടെ ആവര്‍ത്തന പേയ്മെന്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. 2000 രൂപ വരെയാണ് ഇടപാട് പരിധി.

ഉപഭോക്താവ് മാന്‍ഡേറ്റ് നല്‍കുന്നതിലൂടെ അവരുടെ അക്കൗണ്ടില്‍ നിന്ന് നിര്‍ദിഷ്ട ധനകാര്യ കേന്ദ്രങ്ങള്‍ക്ക് ഓട്ടോമേറ്റഡ് പേയ്മെന്റുകള്‍ നടത്താനാവും. 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും യുപിഐ പിന്‍ ഉപയോഗിച്ച് വെവ്വേറെ ഇ-മാന്‍ഡേറ്റ് നല്‍കണം. വിവിധ ബാങ്കിങ് പ്ലാറ്റ്ഫോമുകളിലും ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനുകളിലും യുപിഐ ഓട്ടോപേ സംവിധാനം നിലവിലുണ്ട്. ജിയോ പേയ്മെന്റ്സ് ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയില്‍ ഉടന്‍ ഇത് സജ്ജമാകും.

യുപിഐ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം ആപ്ലിക്കേഷനിലും ഒരു മാന്‍ഡേറ്റ് വിഭാഗമുണ്ടാവും. ഇതുവഴി ഉപയോക്താക്കള്‍ക്ക് പുതിയ ഇ-മാന്‍ഡേറ്റ് സൃഷ്ടിക്കാനും മാറ്റം വരുത്താനും ആവശ്യമെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്താനും ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയും. റഫറന്‍സിനായി മുന്‍കാല മാന്‍ഡേറ്റുകള്‍ ഈ വിഭാഗത്തില്‍ കാണാനും സാധിക്കും. യുപിഐ ഉപയോക്താക്കള്‍ക്ക് യുപിഐ ഐഡി, ക്യുആര്‍ സ്‌കാന്‍ അല്ലെങ്കില്‍ ഇന്റന്റ് വഴി ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. ആവര്‍ത്തന പേയ്മെന്റുകള്‍ക്കായി ഒറ്റത്തവണ മുതല്‍ വര്‍ഷത്തേക്ക് വരെ മാന്‍ഡേറ്റുകള്‍ സജ്ജമാക്കാന്‍ കഴിയും. വ്യക്തിഗത ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

യുപിഐ ഓട്ടോപേ ഡിജിറ്റൈസേഷനിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ഒരു പടിയാണ്, ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ യുപിഐ ഓട്ടോപേ ദശലക്ഷക്കണക്കിന് യുപിഐ ഉപയോക്താക്കള്‍ക്ക് സൗകര്യവും സുരക്ഷയും നല്‍കും. യുപിഐ വഴി പ്രത്യേകിച്ചും പി2എം പേയ്‌മെന്റ് വിപുലീകരിക്കുന്നതിലൂടെ പുതിയ നാഴികക്കല്ലുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved