
മുംബൈ: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തു. 60 വയസ്സിനുശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75 വയസ്സു വരെ നിക്ഷേപം നടത്താന്‍ അനുമതിയും നല്‍കിയേക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെതാണ് നിര്‍ദേശം.
മിനിമം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനംചെയ്യുന്ന നിക്ഷേപ ഉത്പന്നം എന്‍പിഎസില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. നിലവില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധന നേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെന്‍ഷനായി ലഭിക്കുക.
പ്രായപരിധി 60ല്‍ നിന്ന് 65 ആയി ഉയര്‍ത്തിയപ്പോള്‍ മൂന്നര വര്‍ഷത്തിനിടെ 15,000 പേര്‍ പുതിയതായി പദ്ധതിയില്‍ ചേര്‍ന്നതായി അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.