എന്‍പിഎസ് മാനദണ്ഡങ്ങളില്‍ മാറ്റം: അംഗമാകാനുള്ള പ്രായം 70 വയസായി ഉയര്‍ത്തി

August 31, 2021 |
|
News

                  എന്‍പിഎസ് മാനദണ്ഡങ്ങളില്‍ മാറ്റം: അംഗമാകാനുള്ള പ്രായം 70 വയസായി ഉയര്‍ത്തി

നാഷണല്‍ പെന്‍ഷന്‍ സ്‌കീം മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോരിറ്റി. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായം 65 വയസില്‍ നിന്നും 70 വയസായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ ഇത്തരം നിക്ഷേപകര്‍ക്ക് 50 ശതമാനം നിക്ഷേപങ്ങളും ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍ നടത്താനും അതോരിറ്റി അനുമതി നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 18 മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് എന്‍പിഎസില്‍ അംഗമാകാം. 75 വയസുവരെ നിക്ഷേപങ്ങള്‍ തുടരുകയും ചെയ്യാം.

ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. കാലാവധി എത്തിയതിനെ തുടര്‍ന്നു നിക്ഷേപങ്ങള്‍ പിന്‍വലിച്ച 65 വയസിനു മുകളിലുള്ളവര്‍ക്കു പുതിയ അക്കൗണ്ട് തുറക്കാവുന്നതാണെന്നും അതോരിറ്റി വ്യക്തമാക്കി. ഇവര്‍ക്ക് 50 ശതമാനം നിക്ഷേപങ്ങളും ഓഹരികളില്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും ഓട്ടോ ചോയിസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇതിനു സാധിക്കില്ല. ഓട്ടോ ചോയിസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവരുടെ ഓഹരികളിലേക്കുള്ള നിക്ഷേപം 15 ശതമാനം തന്നെയാകും.

നിക്ഷേപകരുടെ ഏറെ കാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്. സ്വകാര്യ മേഖലയിലെ കമ്പനികള്‍ 70 വയസിനുശേഷവും ഇളവുകള്‍ അനുവദിക്കുമ്പോള്‍ എന്‍പിഎസില്‍ ഇളവുകള്‍ ക്രമപ്പെടുത്തിയത് നിക്ഷേപകരെ ബാധിച്ചിരുന്നു. നിക്ഷേപ കാലാവധി ഉയര്‍ത്തിയതു സര്‍ക്കാരിനും നേട്ടമാണ്. വിപണികളില്‍ പണലഭ്യത ഉറപ്പാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്തുന്നതിനും സര്‍ക്കാരിനു സാധിക്കും. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് എന്‍പിഎസ്.

2004ല്‍ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണിത്. 2007ല്‍ ഇത് സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കുമായി പദ്ധതി തുറന്നുകൊടുത്തു. പ്രതിമാസ തവണകളായോ ഒറ്റത്തവണയായോ പദ്ധതിയില്‍ നിക്ഷേപിക്കാം. അടിസ്ഥാന അക്കൗണ്ടായ ടയര്‍ 1ല്‍ കുറഞ്ഞ നിക്ഷേപം 500 രൂപയും ടയര്‍ 2ല്‍ 1000 രൂപയുമാണ്.

Related Articles

© 2025 Financial Views. All Rights Reserved