ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം 12 ശതമാനം ഉയര്‍ന്നേക്കും

May 10, 2022 |
|
News

                  ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം 12 ശതമാനം ഉയര്‍ന്നേക്കും

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ എന്‍ആര്‍ഐ നിക്ഷേപം 13.1 ബില്യണ്‍ ഡോളറായിരുന്നു. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മടങ്ങിത്തുടങ്ങിയതായി 360 റിയല്‍റ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

'റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വരുമാനമുള്ള ആകര്‍ഷകമായ അസറ്റ് ക്ലാസാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് നാട്ടുകാരുടെയും എന്‍ആര്‍ഐകളുടെയും ശ്രദ്ധ ഒരുപോലെ നേടിയിട്ടുണ്ട്. ആഡംബരത്തോടെ ജീവിക്കാനും ജോലി ചെയ്യാനും നിരവധി ചോയ്‌സുകളുള്ള ലിവിംഗ് ഇക്കോസിസ്റ്റമാണ് എന്‍ആര്‍ഐകള്‍ ഇന്ന് നോക്കുന്നത്,'' ഡിഎല്‍എഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഒഹ്രി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങുന്ന എന്‍ആര്‍ഐകളില്‍ വലിയൊരു വിഭാഗവും തെരഞ്ഞെടുക്കുന്നത് ആഡംബര വസ്തുക്കളാണ്. മറ്റ് രാജ്യങ്ങളിലെ ജീവിതരീതിയില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ എന്‍ആര്‍ഐകള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ്.

'റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് എല്ലായ്‌പ്പോഴും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട അസറ്റ് ക്ലാസാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിയല്‍റ്റി വിപണിയിലേക്ക് എന്‍ആര്‍ഐയുടെ ക്രമാനുഗതമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ആഡംബര ഭവനങ്ങളുടെ വില്‍പ്പന വര്‍ധിക്കുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ച, സ്വന്തം രാജ്യത്ത് സ്വന്തമായി ഒരു വീട്, കുറഞ്ഞ പലിശ നിരക്കുകള്‍ എന്നിവയാണ് എന്‍ആര്‍ഐകളെ ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്''ക്രിസുമി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മോഹിത് ജെയിന്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved