എന്‍എസ്ഇ മുന്‍ എംഡി ചിത്ര രാമകൃഷ്ണന്റെ ഓഫീസിലും വീട്ടിലും ആദായ നികുതി റെയ്ഡ്

February 17, 2022 |
|
News

                  എന്‍എസ്ഇ മുന്‍ എംഡി ചിത്ര രാമകൃഷ്ണന്റെ ഓഫീസിലും വീട്ടിലും ആദായ നികുതി റെയ്ഡ്

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചി(എന്‍എസ്ഇ)ന്റെ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെയും ഗ്രൂപ്പ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇരുവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു.

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മേധാവി സ്ഥാനത്തിരിക്കേ, എന്‍എസ്ഇയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഹിമാലയന്‍ സന്യാസിക്ക് ഇവര്‍ കൈമാറിയെന്ന് നേരത്തെ സെബി കണ്ടെത്തിയിരുന്നു. എന്‍എസ്ഇയുടെ സാമ്പത്തിക രൂപരേഖ, ലാഭവിഹിത സാധ്യത, പ്രവര്‍ത്തന ഫലം ഉള്‍പ്പടെയുള്ള കമ്പനിയുടെ രഹസ്യ തീരുമാനങ്ങള്‍ തുടങ്ങിയവ ഇ-മെയിലിലൂടെ സന്യാസിക്ക് കൈമാറിയതായും ജീവനക്കാരുടെ തൊഴില്‍ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സെബിയുടെ കുറ്റപത്രത്തില്‍ പറയുന്നു.  

ഹിമാലയന്‍ സന്യാസിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയും അജ്ഞാതനായ വ്യക്തി ആത്മീയ ശക്തിയാണെന്ന് അവകാശപ്പെടുകയുമാണ് ചിത്ര രാമകൃഷ്ണന്‍ ചെയ്തത്. സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണന്‍ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ വിവരങ്ങള്‍ പുറത്തുവന്നത്.

എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യോഗിയുടെ ഉപദേശം ചിത്ര തേടിയിരുന്നതായി പ്രമുഖ സ്ഥാപനമായ ഏണസ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്ര രാമകൃഷ്ണന്റെ കമ്പ്യൂട്ടര്‍ ഫോറന്‍സിക് പരിശോധന നടത്തിയത് ഏണസ്റ്റ് ആന്റ് യംഗ് ആണ്. താക്കോല്‍ സ്ഥാനങ്ങളിലെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഉപദേശം തേടിയത്. കമ്പനിയുടെ അതീവ രഹസ്യസ്വഭാവമായ വിവരങ്ങള്‍ ഉള്‍പ്പെടെ അജ്ഞാത യോഗിക്ക് കൈമാറിയതായും ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

20 വര്‍ഷം മുന്‍പ് ഗംഗയുടെ തീരത്ത് വച്ചാണ് സിദ്ധ പുരുഷ് എന്ന് വിളിക്കുന്ന അജ്ഞാത യോഗിയെ ചിത്ര രാമകൃഷ്ണന്‍ ആദ്യമായി കാണുന്നത്. വ്യക്തിപരവും ജോലി സംബന്ധവുമായ കാര്യങ്ങള്‍ക്ക് ചിത്ര അജ്ഞാത യോഗിയുടെ സഹായം തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലീവ് എന്‍കാഷ്മെന്റ് ഇനത്തില്‍ നല്‍കിയ 1.54 കോടി രൂപയും മാറ്റിവെച്ച ബോണസായ 2.83 കോടി രൂപയും കണ്ടുകെട്ടാന്‍ എന്‍എസ്ഇയോട് സെബി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ചിത്ര രാമകൃഷ്ണന് മൂന്നു കോടി രൂപയും എന്‍എസ്ഇയില്‍ നിന്നും സുബ്രഹ്മണ്യനില്‍ നിന്നും രണ്ടുകോടി വീതവും മുന്‍ എംഡിയും സിഇഒയുമായ രവി നരേന്‍, ചീഫ് റെഗുലേറ്ററി ഓഫീസറായ വി.ആര്‍ നരസിംഹം എന്നിവരില്‍ നിന്ന് ആറുലക്ഷം രൂപയും സെബി പിഴ ചുമത്തി.

വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടനിലക്കാരുമായോ ബന്ധപ്പെടുന്നതില്‍ നിന്ന് രാമകൃഷ്ണനും സുബ്രഹ്മണ്യനും മൂന്നുവര്‍ഷം വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യനെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ചതിലും ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എംഡിയുടെ ഉപദേശകനായും നിയമിച്ചതിലും വീഴ്ചയുണ്ടെന്ന് ആരോപിച്ച് ചിത്ര ഉള്‍പ്പടെയുള്ളവര്‍ക്ക് സെബി മുമ്പ് പിഴ ചുമത്തിയിരുന്നു. 2013-16 കാലയളവിലാണ് ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇയുടെ ഡയറക്ടറും സിഇഒയുമായിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved