ഇനി എന്‍എസ്ഇ വഴി രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം

August 12, 2021 |
|
News

                  ഇനി എന്‍എസ്ഇ വഴി രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം

ഇനി നാഷണല്‍ സ്റ്റോക്ക്എക്സ്ചേഞ്ച് (എന്‍എസ്ഇ) വഴി രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (ഐഎഫ്എസ് സി)പ്ലാറ്റ്‌ഫോം വഴിയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുക. ആല്‍ഫബെറ്റ്, ഫേസ്ബുക്ക്, ടെസ്‌ല എന്നിവ ഉള്‍പ്പടെ ആഗോള പ്രശസ്തി നേടിയ വന്‍കിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാന്‍ അവസരമൊരുക്കുക.

50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്രോക്കര്‍മാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) വഴി എന്‍എസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണം കൈമാറിയാണ് നിക്ഷേപിക്കാന്‍ കഴിയുക. പ്രതിവര്‍ഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകള്‍ സൂക്ഷിക്കുക.

വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണില്‍ ഈ വിവരങ്ങള്‍ നിക്ഷേപകന്‍ നല്‍കേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീര്‍ഘകാല മൂലധനനേട്ടത്തിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വല്‍ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്.

നിക്ഷേപകരുടെ പരാതികള്‍ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റര്‍മാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എന്‍എസ് ഇയിലെ സബ്സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കില്‍ ഐഎഫ്എസ് സിയെ സമീപിക്കാം.

Read more topics: # എന്‍എസ്ഇ, # NSE,

Related Articles

© 2025 Financial Views. All Rights Reserved