
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2,000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 1.6 ശതമാനം മാത്രമാണ് 2,000 രൂപ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക്. വിപണിയിലും പോക്കറ്റിലും ഈ നോട്ടിന്റെ സാന്നിധ്യം കുറഞ്ഞു. 214 കോടിയുടെ 2,000 രൂപ നോട്ട് മാത്രമാണ് പ്രചാരത്തില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ പ്രഖ്യാപനമായിരുന്നു നോട്ട് നിരോധനം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 500, 2000 രൂപ നോട്ടുകള്‍ ഇറക്കിയിരുന്നു. മാറ്റിക്കിട്ടാന്‍ പ്രയാസമായ 2000 നോട്ടിനെ ജനം തഴയുകയാണ് ചെയ്തത്. അതോടെ റിസര്‍വ് ബാങ്ക് അവ ഘട്ടങ്ങളായി പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി അച്ചടിച്ചുവരുകയാണ്.
നോട്ട് നിരോധനം കള്ളപ്പണം തടയുന്നതിനൊപ്പം കറന്‍സി നോട്ടുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചെങ്കിലും നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ എണ്ണം 13,053 കോടിയാണ്. ഫലത്തില്‍ ഒരു വര്‍ഷം കൊണ്ട് കറന്‍സി നോട്ടുകളുടെ എണ്ണത്തില്‍ 616 കോടിയുടെ വര്‍ധനവുണ്ടായി. മൊത്തം കറന്‍സികളുടെ മൂല്യം 31.05 ലക്ഷം കോടി. 2021 മാര്‍ച്ചില്‍ 28.27 ലക്ഷം കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് നോട്ടിന്റെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനയും മൂല്യത്തില്‍ 9.9 ശതമാനവുമുണ്ടായി. പ്രചാരത്തിലുള്ള കറന്‍സിയില്‍ ഏറ്റവും കൂടുതല്‍ 500 രൂപ നോട്ടുകളാണ് 34.9 ശതമാനം. അതു കഴിഞ്ഞാല്‍ 10 രൂപ. 21.3 ശതമാനവും 10ന്റെ നോട്ടാണ്.