
ബെംഗളൂരു: ഇന്ത്യന്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ റീട്ടെയിലര്‍ നൈക ത്രൈമാസ അറ്റാദായത്തില്‍ 49 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യക്തിഗത പരിചരണത്തിനും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള മങ്ങിയ ആവശ്യത്തിനിടയില്‍ ചെലവുകള്‍ കുതിച്ചുയര്‍ന്നതാണ് തിരിച്ചടിയായത്. നൈകയുടെ മാതൃസ്ഥാപനമായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് ലിമിറ്റഡ്, കൊറോണയില്‍ നിന്ന് കരകയറുമ്പോള്‍ ബ്രാന്‍ഡിന്റെ വിപണനം ഇരട്ടിയാക്കാന്‍ ഓഹരി വില്‍പ്പനയിലേക്ക് കടന്നിരുന്നു. അതിനുശേഷം മൂന്ന് പാദങ്ങളിലും ലാഭത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.
മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഏകീകൃത അറ്റാദായം 16.88 കോടി രൂപയില്‍ നിന്ന് 8.56 കോടി രൂപയായി (1.10 മില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് മാതൃ കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കൊറോണ കാരണം പരസ്യത്തിനായി അധികം ചെലവഴിക്കാത്തതിനാല്‍ 2020ല്‍ വിപണന ചെലവുകള്‍ വളരെ കുറവായിരുന്നുവെന്ന് ഫാല്‍ഗുനി നായര്‍ നേതൃത്വം നല്‍കുന്ന കോസ്മെറ്റിക്സ്-ടു-ഫാഷന്‍ പ്ലാറ്റ്ഫോം പറഞ്ഞു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 741 കോടി രൂപയില്‍ നിന്ന് 973 കോടി രൂപയായി ഉയര്‍ന്നു.