
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം കുറിച്ച് നൈക. എന്‍എസ്ഇയില്‍ 82 ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ് നൈകയുടെ വ്യാപാരം. ഐപിഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബിഎസ്ഇയില്‍ 2063 രൂപക്കാണ് നൈക ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ വിപണിമൂലധനം ബിഎസ്ഇയില്‍ ഒരു ലക്ഷം കോടി കടന്നു.
നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കോമേഴ്‌സിന്റെ ഐപിഒക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഇന്‍സ്റ്റിറ്റിയൂഷല്‍ നിക്ഷേപകരിലായിരുന്നു വാങ്ങല്‍ താല്‍പര്യം കൂടുതലുണ്ടായിരുന്നത്. ഓഹരിയൊന്നിന് 1,085 മുതല്‍ 1,125 വരെയായിരുന്നു വില. ഒക്‌ടോബര്‍ 28ന് ആരംഭിച്ച സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ ഒന്നിനാണ് അവസാനിച്ചത്.
630 കോടിയുടെ ഓഹരികളാണ് വില്‍പനക്ക് വെച്ചത്. 41,972,660 ഇക്വിറ്റി ഓഹരികള്‍ പ്രൊമോട്ടര്‍മാരും വില്‍പനക്കു വെച്ചു. നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നൈകയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 61 കോടിയുടെ ലാഭമാണ് നൈകയുണ്ടാക്കിയത്. ഇതും വിപണിയില്‍ ഗുണകരമായി.