
മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന വോഡാഫോണ്‍ ഐഡിയക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ)വഴി 15,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ ആറുശതമാനം കുതിപ്പുണ്ടായി.
സര്‍ക്കാരിന്റെ അനുമതിയാണ് ലഭിച്ചിട്ടതെന്നും അതേസമയം നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇക്വിറ്റിയായോ, ഓഹരിയായി പരിവര്‍ത്തനംചെയ്യാവുന്ന സെക്യൂരിറ്റികളായോ, ഗ്ലോബര്‍ ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി.
സര്‍ക്കാരിനുള്ള കുടിശ്ശിക നല്‍കാനും അടുത്തയിടെ വാങ്ങിയ സ്പെക്ട്രത്തിന് പണംനല്‍കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സമാഹരണം വോഡാഫോണ്‍ ഐഡിയയെ സഹായകരമാകും. നാലാംപാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,985.1 കോടിയായി ഉയര്‍ന്നിരുന്നു. അതിനുമുമ്പുള്ള മൂന്നുപാദത്തിലെ നഷ്ടം 4,540.8 കോടി രൂപയായിരുന്നു. നഷ്ടത്തില്‍ വന്‍വര്‍ധനവുണ്ടായതിനെതുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം അപടത്തിലാക്കുന്ന സാഹാചര്യമുണ്ടായിരുന്നു.