എണ്ണപ്പാടങ്ങള്‍ വില്‍ക്കാന്‍ ഒഎന്‍ജിസിയോട് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം

April 26, 2021 |
|
News

                  എണ്ണപ്പാടങ്ങള്‍ വില്‍ക്കാന്‍ ഒഎന്‍ജിസിയോട് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളാണ് ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) എണ്ണപ്പാടങ്ങള്‍ വില്‍ക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. രത്ന, ആര്‍ സീരീസ് ഉള്‍പ്പെടെയുള്ള പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് ഒഎന്‍ജിസിക്കുള്ള നിര്‍ദേശം. അതുവഴി ലഭിക്കുന്ന ലാഭം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അമര്‍ നാഥ് ഏപ്രിന്‍ ഒന്നിന് ആണ് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാറിന് ഏഴിന പ്രവര്‍ത്തന പദ്ധതി കൈമാറിയത്. കമ്പനിയെ സ്വകാര്യ വല്‍ക്കരിക്കുക, വൈവിധ്യവല്‍ക്കരിക്കുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. 2023-24 വര്‍ഷമാകുമ്പോഴേക്കും കമ്പനിയുടെ ഉല്‍പ്പാദനക്ഷമത മൂന്നിലൊന്ന് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി.

പന്ന-മുക്ത, രത്ന, ആര്‍ സീരീസ് തുടങ്ങി പടിഞ്ഞാറന്‍ തീരത്തെ എണ്ണ പാടങ്ങളും ഗുജറാത്തിലെ ഗാന്ധാര്‍ തുടങ്ങിയവയും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് നിര്‍ദേശം. കാര്യമായ വരുമാനമില്ലാത്ത എണ്ണപ്പാടങ്ങളും വില്‍ക്കണമെന്ന് നിര്‍ദേശമുണ്ട്. ആഗോളതലത്തില്‍ പ്രശസ്തമായ എണ്ണ ഖനന കമ്പനികളെ ഇന്ത്യയിലേക്ക് അടുപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിര്‍ദേശമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ നടത്തുന്ന മൂന്നാമത്തെ നീക്കമാണിത്. 2017 ഒക്ടോബറില്‍ ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved