
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ കൂടി. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. 15 ദിവസത്തിനിടെ 9.15 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 8.81രൂപയാണ് 15 ദിവസത്തിനിടെ കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116 രൂപയ്ക്കടുത്തെത്തി. ഡീസലിന് 102 രൂപ കടന്നു.
ഇന്ന് പെട്രോള്‍ വില തിരുവനന്തപുരത്ത് 115.54 രൂപ, കൊച്ചിയില്‍ 113.46 രൂപ കോഴിക്കോട് 113.63 എന്നിങ്ങനെയാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 102.25, കൊച്ചിയില്‍ 100.40, കോഴിക്കോട് 100.58 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.