
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോഡിലെത്തി. കഴിഞ്ഞ 16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 01 പൈസയാണ് കൂടിയത്. ഡീസലിന് 9 രൂപ 67 പൈസയും കൂടി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയാണ് പുതുക്കിയ വില. ഡീസലിന് 103 രൂപ 13 പൈസയായി ഉയര്‍ന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 33 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 101 രൂപ 24 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 114 രൂപ 49 പൈസ, 101 രൂപ 42 പൈസ എന്നിങ്ങനെയാണ്. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം നാലുമാസത്തോളം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫലപ്രഖ്യാപനം വന്നതിന് ശേഷം, മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
അതേസമയം സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതിവിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കുകയില്ലെന്ന് ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തരുന്നില്ല. 17000 കോടി രൂപ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. അതിനാല്‍ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ലഭിക്കുന്ന വരുമാനം ഒഴിവാക്കാന്‍ സാധിക്കുകയില്ല. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.