ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു: എന്തുകൊണ്ട് വില ഉയരുന്നു? ഫലമെന്ത്? എന്തിന് തുച്ഛമായ വിലക്ക് കയറ്റുമതി ചെയുന്നു?

February 17, 2021 |
|
News

                  ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു: എന്തുകൊണ്ട് വില ഉയരുന്നു? ഫലമെന്ത്? എന്തിന് തുച്ഛമായ വിലക്ക് കയറ്റുമതി ചെയുന്നു?

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.50 രൂപയിലെത്തി. ഡീസല്‍ 85.98 രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 3.60 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം കൂടിയിട്ടുണ്ട്.

എന്തുകൊണ്ട് വില ഉയരുന്നു?

ഇപ്പോള്‍ നാം ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില 52 ഡോളര്‍ മാത്രം. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കോണ്‍ഗ്രസ് ഭരണകാലത്ത് 152 ഡോളറായിരുന്നു വില. അന്ന് പെട്രോള്‍ വില 70 രൂപ. കോവിഡ് 19 കാലത്ത് ക്രൂഡിന്റെ വില 40 ഡോളര്‍ തലത്തിലേയ്ക്ക് താഴ്ന്നിരുന്നു. അവിടെ നിന്നും ഉയര്‍ന്ന് അത് 50 ഡോളറിലെത്തിയതാണ്. പെട്രോളിന്റെ വിലക്കയറ്റത്തിന് യഥാര്‍ത്ഥ കാരണം, കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍/ഡീസലിന്മേലുള്ള എക്സൈസ് തീരുവ ഉയര്‍ത്തിയത് മാത്രമാണ്.

ഇന്നത്തെ ക്രൂഡ് ഓയിലിന്റെ വിലക്ക് അത് ശുദ്ധീകരിച്ച് പെട്രോള്‍  ഉല്പാദിപ്പിക്കാനുള്ള ചെലവ് 35-36 രൂപ മാത്രമേ വരൂ. ഡീസലിന് ഇത് രണ്ടോ മൂന്നോ രൂപ കൂടി ആയേക്കാം. ഇതിന്മേല്‍ വന്‍ തോതില്‍ എക്സൈസ് തീരുവ ചുമത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്. ഈ ഉയര്‍ന്ന വിലയിന്മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ മൂല്യവര്‍ദ്ധിത നികുതി കൂടി ചുമത്തുന്നു. ഇന്ന് നാം 90 രൂപക്ക് പെട്രോള്‍ വാങ്ങുമ്പോള്‍ അതില്‍ 60 രൂപയും നികുതിയാണ്. അതിന്റെ നാലിലൊരു ഭാഗം സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും.

ഫലമെന്ത്?

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ വ്യവസായ, ബിസിനസ്, തൊഴില്‍, സേവന മേഖലകളാകെ തകര്‍ന്നു. അതൊടെ സര്‍ക്കാരിന്റെ നികുതി വരുമാനവും ഇടിഞ്ഞു. നികുതി വരുമാനത്തിലുണ്ടായ കുറവ് വീണ്ടെടുക്കാന്‍ കേന്ദ്രം കണ്ട എളുപ്പവഴിയാണ് പെട്രോളിയം മേഖലയ്ക്ക് നികുതി ചുമത്തുന്നത്. പ്രതിദിനം മുപ്പതും, നാല്പതും പൈസ നികുതി ഉയര്‍ത്തുന്നു.

കോവിഡിന്റെ തുടക്കത്തില്‍ ലോകത്തിലേറ്റവും കര്‍ക്കശമായ ലോക്ക്ഡൗണ്‍ അനുഭവിക്കേണ്ടി വന്നത് ഇന്ത്യക്കാരായിരുന്നു. അതും വെറും നാല് മണിക്കൂറിന്റെ മുന്നറിയിപ്പോടെ. ലോക്ക്ഡൗണ്‍ കഠിനമായതോടെയാണ് സമ്പദ് വ്യവസ്ഥ മുഴുവന്‍ നിശ്ചലമായതും എല്ലാ മേഖലകളും തകര്‍ച്ചയെ നേരിടേണ്ടി വന്നതും. അങ്ങനെ ജോലിയും കൂലിയും നഷ്ടപ്പെട്ട് ശിക്ഷയനുഭവിച്ചുകഴിയുന്ന ജനങ്ങളെ സര്‍ക്കാര്‍ വീണ്ടും ശിക്ഷിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതോടെ നിത്യോപയോഗ വസ്തുക്കള്‍ ഉള്‍പ്പെടെ സര്‍വസാധനങ്ങളുടെയും വില ഉയരുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി ഉയരുന്നതോടെ സംസ്ഥാന സര്‍ക്കാരുകളുടെ മൂല്യവര്‍ദ്ധിത നികുതി വരുമാനവും ഉയരുന്നു. അതുകൊണ്ടായിരിക്കാം സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള കക്ഷികളെല്ലാം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടപ്പിക്കാതെ, കിട്ടുന്ന തുക വാങ്ങിയെടുത്ത് മുന്‍പോട്ട് പോകാന്‍ ശ്രമിക്കുന്നത്.

പെട്രോള്‍/ഡീസല്‍ കയറ്റുമതി-തുച്ഛമായ വില

എണ്ണ ശുദ്ധീകരണശാലകളില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് സംസ്‌കരിച്ച് നാം ഉല്പാദിപ്പിക്കുന്ന പെട്രോള്‍-ഡീസല്‍ ഇവ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലുമാണ് ഇത്തരത്തില്‍ കയറ്റുമതി ചെയുന്നത്. തീപിടിക്കുന്ന വിലയായ 90 രൂപക്ക് ജനങ്ങള്‍ക്ക് പെട്രോള്‍ നല്‍കുന്ന സര്‍ക്കാര്‍ 15 വിദേശ രാജ്യങ്ങളിലേയ്ക്ക് പെട്രോള്‍ കയറ്റി അയയ്ക്കുന്നത് തുച്ഛമായ വിലക്ക്. വിവരാകാശ നിയമപ്രകാരം ഈയിടെ മാംഗ്ളൂര്‍ റിഫൈനറീസ് പെട്രോക്കെമിക്കല്‍സ് എന്ന പൊതു മേഖലാ സ്ഥാപനത്തില്‍ നിന്നും ലഭിച്ച വിവരമാണിത്.

ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം ഏറ്റവുമധികം പെട്രോളും, ഡീസലും മറ്റു റിഫൈനറി ഉല്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിലും നാമുണ്ട്. ഈ ലിസ്റ്റില്‍ പത്താം സ്ഥാനത്ത്.

ഇന്ന് ഇന്ത്യക്ക് വിദേശനാണ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ല. റിക്കാര്‍ഡ് തലത്തിലാണ്, നമ്മുടെ വിദേശ നാണ്യനീക്കിയിരുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തില്‍ 34 രൂപക്കും 37 രൂപക്കും മറ്റും എന്തിന് വേണ്ടിയാണ് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നത്? ആ കയറ്റുമതി നിറുത്തി ആ ഉല്പ്പന്നം കൂടി നമ്മുടെ ആഭ്യന്തര വിപണിയില്‍ വില്പന നടത്തിയാല്‍ ജനങ്ങള്‍ക്ക് പെട്രോളും, ഡീസലും പത്തോ പതിനഞ്ചോ രൂപ വില കുറച്ച് ലഭ്യമാക്കാന്‍ കഴിയും. അതേസമയം സര്‍ക്കാരിന് പെട്രോളിയം മേഖലയില്‍ നിന്നും ലഭിക്കുന്ന നികുതി വരുമാനം കുറയാതെ സൂക്ഷിക്കാന്‍ കഴിയും. മൂന്നാമതായി റിഫൈനറിയുടെ വരുമാനവും, ലാഭവും ഉയരുകയും ചെയ്യും.

ഇതോടൊപ്പം സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുകയും അഴിമതി കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്താല്‍ പെട്രോള്‍ വില വീണ്ടും കുറച്ചുകൊണ്ടുവരാന്‍ കഴിയും. ജനങ്ങളുടെ നടുവ് ഒടിക്കാതെ സര്‍ക്കാരിന് ആവശ്യമായ നികുതി വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷെ, ദന്ത ഗോപുരത്തില്‍ നിന്നിറങ്ങി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Related Articles

© 2025 Financial Views. All Rights Reserved