
രാജ്യത്ത് ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഡീസല്‍ വില കൂട്ടിയിരുന്നു. അതിനൊപ്പമാണ് ഇന്ന് പെട്രോള്‍ വിലയിലും വര്‍ധനവ് വരുത്തിയിരിക്കുന്നത്. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വിലയിലെ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 21 പൈസയും, ഡീസല്‍ ഒരു ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ നാല് ദിവസത്തിനുള്ളില്‍ ഡീസലിന് 1.1 രൂപയുടെ വര്‍ധനവുണ്ടായി. ഈ മാസം അഞ്ചിനാണ് ഇതിന് മുമ്പ് പെട്രോള്‍ വിലയില്‍ കുറവുണ്ടായത്.
മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 101.39 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 89.57 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.47 രൂപയാണ് വില. ഡീസലിന് 97.21 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.63ലും ഡീസല്‍ ലിറ്ററിന് 96.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.39 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 94.26 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.81 രൂപയും ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 79.91 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.81 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.