
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില 100.80 രൂപയായി. ഡീസലിന് വില 95.75 രൂപയും. കൊച്ചിയിലും പെട്രോള്‍ വില 'സെഞ്ച്വറി' തികയ്ക്കാന്‍ കാത്തുനില്‍ക്കുകയാണ്. പെട്രോളിന് 99.03 രൂപയും ഡീസലിന് 94.08 രൂപയുമാണ് കൊച്ചിയില്‍ വില രേഖപ്പെടുത്തുന്നത്.
ഈ വര്‍ഷം 58 തവണ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ട്. ജൂണില്‍ മാത്രം 17 തവണ എണ്ണക്കമ്പനികള്‍ വില കൂട്ടി. നിലവില്‍ കേരളമടക്കം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പെട്രോള്‍ വില 100 രൂപ പിന്നിട്ട സാഹചര്യമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബിഹാര്‍ എന്നിവടങ്ങളിലും പെട്രോള്‍ സെഞ്ച്വറിയടിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില ചുവടെ കാണാം.
ഡല്‍ഹി പെട്രോള്‍: 98.81 രൂപ, ഡീസല്‍: 89.18 രൂപ, മുംബൈ പെട്രോള്‍: 104.90 രൂപ, ഡീസല്‍: 96.72 രൂപ, ചെന്നൈ പെട്രോള്‍: 99.80 രൂപ, ഡീസല്‍: 93.72 രൂപ, കൊല്‍ക്കത്ത പെട്രോള്‍: 98.64 രൂപ, ഡീസല്‍: 92.03 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില, രൂപയുടെ വിദേശ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില പുതുക്കുന്നത്.
ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണ ഡിമാന്‍ഡ് ഒരിക്കല്‍ക്കൂടി അപ്രതീക്ഷിത ഇടിവ് നേരിടുന്നുണ്ട്. തീവ്ര അപകടകാരിയായ കോവിഡ്-19 ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. ഈ സാഹചര്യം എണ്ണയുടെ ഡിമാന്‍ഡ് കുത്തനെ കുറയ്ക്കുന്നു. ചൊവാഴ്ച്ച ആഗോള കമ്പോളത്തില്‍ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 14 സെന്റ് ഇടിഞ്ഞ് ബാരലിന് 72.77 ഡോളറിലെത്തി. 0.2 ശതമാനം ഇടിവ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 10 സെന്റ് കുറഞ്ഞ് 74.58 ഡോളറിലും വ്യാപാരം നടത്തുകയാണ്. 0.1 ശതമാനം ഇടിവ്.