
എണ്ണ വിലയിലെ ഇടിവ് എണ്ണ ഉത്പാദന മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജോലിക്കാര്‍ ആശ്രയിക്കുന്ന സാമൂഹിക ആനുകൂല്യങ്ങളില്‍ വലിയ വെട്ടിക്കുറയ്ക്കലാണ് ഇറാഖ് ആസൂത്രണം ചെയ്യുന്നത്. മെഗാ പ്രോജക്ടുകള്‍ക്ക് സൗദി അറേബ്യയിലും കാലതാമസം നേരിടേണ്ടിവരും. ഈജിപ്തും ലെബനനിലും സ്ഥിതി വ്യത്യസ്തമല്ല. എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് ഈ രാജ്യങ്ങളും പ്രതിസന്ധിയിലാണ്.
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് എണ്ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണുണ്ടായിരിക്കുന്നത്. തകര്‍ച്ച പശ്ചിമേഷ്യയില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ ആശ്രിത രാജ്യങ്ങള്‍ സംസ്ഥാന വരുമാനത്തിന്റെ നഷ്ടം നികത്താന്‍ ശ്രമിക്കുകയാണ്. എല്ലാ അറബ് ഗള്‍ഫ് എണ്ണ കയറ്റുമതിക്കാരുടെയും സമ്പദ്വ്യവസ്ഥ ഈ വര്‍ഷം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രതീക്ഷ. ഇറാഖില്‍ 5% വരെ ഇടിവുണ്ടാകുമെന്നു അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.
ചില ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിദേശ കറന്‍സി കരുതല്‍ ശേഖരത്തെ ആശ്രയിക്കാന്‍ കഴിയുമെങ്കിലും ഇറാഖിന്റെ സ്ഥിതി വളരെ മോശമാണ്. കാരണം രാജ്യത്തിന്റെ വരുമാനത്തില്‍ 90 ശതമാനവും എണ്ണ വില്‍പ്പനയെ ആശ്രയിച്ചുള്ളതാണ്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, വ്യാപകമായ അഴിമതി എന്നിവയെ തുടര്‍ന്ന് ഇറാഖില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവിലെ സ്ഥിതിയില്‍ കലഹം വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പാടുപെടുന്ന ഒരു ജനതയാണ് ഇറാഖിലുള്ളത്. തലസ്ഥാനത്തെ തഹ്രിര്‍ സ്‌ക്വയറില്‍, പ്രതിഷേധക്കാര്‍ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണ്.
എണ്ണ വില നിലവില്‍ ബാരലിന് 20 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, 2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് വില ഇടിഞ്ഞു. എണ്ണ വിപണി സുസ്ഥിരമാക്കുന്നതിന് ഉല്‍പാദനം 23% കുറയ്ക്കുന്നതിനുള്ള ഒപെക് കരാര്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുമെന്നാണ് വിദ്ഗധരുടെ വിലയിരുത്തല്‍. കാരണം ഈ കാലയളവില്‍ എണ്ണ സംഭരണ ശേഷി നിറയും. ഇത് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള എണ്ണ വിപണനം ബുദ്ധിമുട്ടിലാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഖമര്‍ എനര്‍ജി സിഇഒ റോബിന്‍ മില്‍സ് പറഞ്ഞു.
2020 ലെ ബജറ്റ് പ്രകാരം ഇറാഖ് എണ്ണവിലയില്‍ നിന്നുള്ള വരുമാനം ബാരലിന് 56 ഡോളറായാണ് കണക്കാക്കുന്നത്. എന്നാല്‍ ക്രൂഡ് കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 50% കുറഞ്ഞുവെന്ന് എണ്ണമന്ത്രി തമീര്‍ ഗദ്ദാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് നടക്കുന്നത്.
എണ്ണവിലയിലുണ്ടായ ഇടിവ് ഭാവിയിലെ നിക്ഷേപത്തിന്റെയും വികസന പദ്ധതികളുടെയും താളം തെറ്റിക്കും. മേഖലയിലെ ഏറ്റവും വലിയ അസംസ്‌കൃത ഉല്‍പാദകരായ സൗദി അറേബ്യയുടെ ചെലവ് 5% അഥവാ 13.3 ബില്യണ്‍ ഡോളര്‍ കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ മെഗാ പ്രോജക്ടുകളും മറ്റും കാലാതാമസം നേരിട്ടേക്കാം. കുവൈത്തില്‍ ധാരാളം കരുതല്‍ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് വമ്പന്‍ ആഗോള എണ്ണ ഉല്‍പാദകര്‍ക്കും തൊഴില്‍ നഷ്ടവും സാമ്പത്തിക ആഘാതവും നേരിടേണ്ടിവരും.