
തുടര്‍ച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ത്തിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ബുധനാഴ്ച യഥാക്രമം 55 ഉം 57ഉം പൈസ വീതമാണ് വര്‍ധിച്ചത്. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്. രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം. പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നാണ് പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില നിശ്ചയിക്കപ്പെടുന്നത്.
അതിനാല്‍ രാജ്യത്തെ ഇന്ധനവില ഒരു വണ്‍ വേ റോഡ് പോലെയാണ്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. ഇത് രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന സമയത്താണെങ്കില്‍ സാധാരണക്കാരന്റെ കൈപൊള്ളുന്ന അവസ്ഥയില്‍ ആയിരിക്കും വര്‍ധനവ്. പക്ഷെ ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്തൊന്നും പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയില്‍ യാതൊരു മാറ്റവുമുണ്ടാകാറില്ല. ആ സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് തീരുവ അടക്കമുള്ള നികുതികള്‍ ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. പ്രധാന വരുമാന സ്രോതസ്സായ ഈ നികുതിയിനത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാരുകള്‍ ഒരു കാലത്തും ശ്രമിക്കാറില്ല. അതിനാല്‍ തികച്ചും ന്യായമായും ലഭിക്കേണ്ട വിലക്കുറവ് ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും കൂടുതല്‍ പണം നല്‍കേണ്ടിയും വരുന്നു.
പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം 2011ലാണ് സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ ഗുണം എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും എന്നു പറഞ്ഞുകൊണ്ടായിരുന്നു അന്ന് ഈ മാറ്റം വരുത്തിയത്. പക്ഷെ ഈ വാഗ്ദാനത്തിന്റെ ഗുണം ജനങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചില്ലിന്ന് മാത്രം.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിന് എതിരെയുള്ള ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇന്ധനവില വര്‍ധനവ്. പെട്രോള്‍ വില വര്‍ധനവ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണെന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നത്. എന്നാല്‍ നരേന്ദ്രമോദിയുടെ കാലത്തെ ഇന്ധനവിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കൂ.
2014ല്‍ മോദി അധികാരമേവല്‍ക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിനടുത്തായിരുന്നു. അന്നാകട്ടെ പെട്രോളിന്റെ ശരാശരി വില 72 രൂപയും. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഇതുവരെയുള്ള വര്‍ഷങ്ങളിലെല്ലാം ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവായിരുന്നു സംഭവിച്ചത്. ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് വെറും 37 ഡോളര്‍ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വിലയിലുള്ള കുത്തനെയുള്ള ഈ ഇടിവ് സ്വാഭിവകമായും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയരീതിയില്‍ കുറയ്ക്കണം. പക്ഷെ, വിരോധാഭാസമെന്ന് പറയാം ഒരിക്കല്‍ പോലും രാജ്യത്തെ ഇന്ധനവില ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായി കുറഞ്ഞില്ല എന്ന് മാത്രമല്ല പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധവന് മാത്രമാണുണ്ടായത്. നിലവില്‍ പെട്രോളിന്റെ വില 75.78 രൂപയിലും ഡീസലിന്റെ വില 74.03 രൂപയിലും എത്തിരിക്കുകയാണ്.
ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എങ്ങിനെയായിരുന്നെന്നും ആ സമയത്ത് ഇന്ത്യയിലെ ഇന്ധനവില എത്തരത്തിലായിരുന്നെന്നും പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കുറെ കൂടെ വ്യക്തമാകും.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാരലിന് 55 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വിലയെങ്കില്‍ മാര്‍ച്ചില്‍ ഇത് 20 ഡോളറിലേക്ക് വരെ ഇടിഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്തെല്ലാം എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയെ അങ്ങിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. 2014 മെയില്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിന് 258 ശതമാനവും ഡീസലിന് 819 ശതമാനവുമാണ് എക്‌സൈസ് തീരുവയില്‍ മോദി സര്‍ക്കാര്‍ വര്‍ധനവുണ്ടാക്കിയത്. ഈ വര്‍ഷം ക്രൂഡ് ഓയില്‍ വിലയിടവിനെ തുടര്‍ന്ന് 5 മുതല്‍ 10 രൂപ വരെ റീട്ടെയ്ല്‍ വിലയില്‍ കുറവുണ്ടാകുമെന്ന് കരുതി നില്‍ക്കുന്ന സമയത്തും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് ആ വിലക്കുറവും കേന്ദ്രം ഇല്ലാതാക്കിയിരുന്നു. അസംസ്‌കൃത എണ്ണയുടെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുമ്പോഴും, ഈ എക്‌സൈസ് തീരുവ കൂടാതെ, പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയടക്കം പല തവണ വര്‍ധിപ്പിച്ചിരുന്നു കേന്ദ്രം.
ഇപ്പോള്‍ കൊവിഡ് കാലത്ത് ദൈനംദിന ചിലവുകള്‍ക്ക് പോലും ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയ്ക്കാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ വിലവര്‍ധനവ് എന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയാണ്. ഒപ്പം വര്‍ഷങ്ങളായി കേന്ദ്രം സ്വീകരിച്ചു വരുന്ന ഈ നടപടികള്‍ കൂടി വിമര്‍ശിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ ഇന്ധന വില ഇനിയും ഉയരുമെന്നാണ് രാജ്യത്തിനകത്തെയും പുറത്തെയും സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിലിന്റെ വില നെഗറ്റീവ് മൂല്യത്തിലെത്തിയിരുന്നു. മാര്‍ക്കറ്റുകള്‍ നിശ്ചലമായതോടെ ഉല്‍പ്പാദിപ്പിച്ച എണ്ണ, സംഭരണികളില്‍ തന്നെ കെട്ടികിടക്കുന്ന അവസ്ഥയുണ്ടായി. ഡിമാന്‍ഡ് തീരെ ഇല്ലാതയത് ഓവര്‍ സപ്ലൈയിലേക്കും നയിച്ചു. രാജ്യങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ എടുത്തുമാറ്റാന്‍ തുടങ്ങുന്നതോടെ ക്രൂഡ് ഓയിലിന്റെ വിലയില്‍ പടിപടിയായ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ ക്രൂഡ് ഓയില്‍ വില വര്‍ധനവാണ് രാജ്യത്ത് ഇന്ധന വില കൂടുനിടയാതിക്കിയതിന്റെ ഒരേ ഒരു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇതുമാത്രമല്ല ഈ വിലവര്‍ധനവിന് പിന്നിലെന്നതാണ് വസ്തുത.
ലോക്ക്ഡൗണ്‍ മൂലം തങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നാണ് എണ്ണ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ ഈ നഷ്ടം പരിഹരിക്കാനായിരിക്കും ശ്രമിക്കുകയെന്ന് എണ്ണകമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ വിലവര്‍ധനവാണ് രാജ്യത്ത് ഇനി സംഭവിക്കാന്‍ പോകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ചെറിയ തോതില്‍ പോലുമുണ്ടാകുന്ന എണ്ണവില വര്‍ധനവ് രാജ്യത്തെ വലിയ തോതിലായിരിക്കും ബാധിക്കുക.
എണ്ണ കമ്പനികള്‍ മാത്രമല്ല, തകര്‍ന്നടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ ഇന്ധന വില വര്‍ധനവിലേക്ക് തന്നെ കേന്ദ്രവും നീങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് ഓരോ ദിവസവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ രൂപയുടെ മൂല്യം ഗണ്യമായ തോതില്‍ കുറയുന്നത് ഇന്ധന വില ഏറ്റവും കൂടിയ നിലയിലെത്തിക്കാനാണ് എല്ലാ സാധ്യതയും.