
ചെന്നൈ: തമിഴ്നാട്ടില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിനായി സീമെന്‍സിന്റെ സാങ്കേതിക സഹായം തേടുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ഒല കമ്പനി വ്യക്തമാക്കി. ഡിസംബറിലാണ് 2,400 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാനത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ പ്ലാന്റ് തുടങ്ങാനുള്ള കരാറില്‍ തമിഴ്‌നാട് സര്‍ക്കാരും ഒല കമ്പനിയും ഒപ്പുവച്ചത്.
രാജ്യത്തെ ഏറ്റവും ആധുനികമായ പ്ലാന്റായിരിക്കും തമിഴ്‌നാട്ടില്‍ ഒല നിര്‍മ്മിക്കുകയെന്നാണ് വിവരം. 5000 റോബോട്ടുകളെ വിവിധ കാര്യങ്ങള്‍ക്കായി ഇവിടെ നിയോഗിക്കും. സീമെന്‍സുമായി ഒപ്പുവച്ച കരാര്‍ പ്രകാരം, സീമെന്‍സിന്റെ ഡിജിറ്റല്‍ ട്വിന്‍ ഡിസൈന്‍ ആന്റ് മാനുഫാക്ചറിങ് സൊല്യൂഷന്‍സില്‍ ഒലയ്ക്ക് ആക്‌സസ് ഉണ്ടാവും.
തമിഴ്‌നാട്ടിലെ പ്ലാന്റ് തങ്ങളുടെ ആഗോള ഹബ്ബായി മാറുമെന്ന പ്രതീക്ഷയാണ് ഒലയുടെ ചെയര്‍മാനും ഗ്രൂപ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പങ്കുവച്ചത്. ഒലയുമൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സീമെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മാതൂറും സന്തോഷം പങ്കുവച്ചു. ഭാവിയുടെ ഫാക്ടറിയാണ് ഒലയുടെ കാഴ്ചപ്പാട്. അതിന് ഞങ്ങളുടെ ഡിജിറ്റല്‍ രംഗത്തെ അറിവുപയോഗിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.