
ഓണ്‍ലൈന്‍ ടാക്‌സി സേവനദതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഒല എന്നാണ് പുതിയ വാര്‍ത്തകള്‍. രണ്ട് ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഒല ധാരണാപത്രം ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,400 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഫാക്ടറി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, പ്രാദേശിക ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ യൂറോപ്യന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കാനാണ് നീക്കം. &ിയുെ;ഒപ്പം ഇവികള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി പ്ലാന്റ് മാറുമെന്നും ഓല പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന മാസങ്ങളില്‍ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ നെതര്‍ലാന്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലും വില്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനായാസം മാറ്റിയെടുക്കാവുന്നതും ഊര്‍ജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെ കമ്പനി വികസിപ്പിക്കുന്ന ഈ സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം ഓടാനാവും.