
കൊച്ചി: ഒരു വര്‍ഷം ഒരു കോടിയിലേറെ യാത്രക്കാരും 116.92 കോടിയുടെ അറ്റാദായവും. കോടികളുടെ ക്ലബില്‍ ഇടം നേടി ജൈത്രയാത്ര നടത്തുന്ന കൊച്ചി വിമാനത്താവളത്തിന് വലിയ വിമാനത്താവളം എന്ന പദവിയില്‍ നിന്നും താഴേയ്ക്ക് പോവേണ്ട അവസ്ഥ വരില്ല. മാത്രമല്ല 2018-19 സാമ്പത്തിക വര്‍ഷം 650 കോടിയാണ് സിയാലിന് മൊത്തലാഭം ലഭിച്ചത്. വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റി ഭേദഗതി ബില്‍ രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. പ്രതിവര്‍ഷം 35 ലക്ഷം യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ വലിയ വിമാനത്താവളമായി തുടരാന്‍ സാധിക്കൂ.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കിയതിനാല്‍ രാജ്യസഭാ തീരുമാനം കൊച്ചി വിമാനത്താവളത്തിനെ (സിയാല്‍) ബാധിക്കില്ല. ആദ്യം പ്രതിവര്‍ഷം 15 ലക്ഷം യാത്രക്കാരുള്ള വിമാനത്താവളങ്ങള്‍ക്കായിരുന്നു വലിയ വിമാനത്താവളം എന്ന നിര്‍വചനം ലഭിച്ചിരുന്നത്. അത്തരം സ്ഥലങ്ങളില്‍ വിവിധ തരം ഫീസുകളും മറ്റും നിര്‍ണയിക്കാനുള്ള അധികാരം വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിക്കായിരുന്നു.
എന്നാല്‍ ഇനി മുതല്‍ വര്‍ഷം 35 ലക്ഷം യാത്രക്കാരുള്ള വിമാനത്താവളങ്ങള്‍ മാത്രമേ ഈ വിഭാഗത്തില്‍ വരൂ. ബാക്കിയുള്ളവ വ്യോമയാന വകുപ്പിന്റെ കീഴില്‍ തുടരും. യാത്രക്കാരുടെ എണ്ണം കൊണ്ടു മാത്രമല്ല സ്വകാര്യ വിമാനത്താവളം എന്ന നിലയിലും വിമാനത്താവള റഗുലേറ്ററി അതോറിറ്റിയുടെ കീഴില്‍ സിയാല്‍ വന്നിരുന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു,കണ്ണൂര്‍ എന്നിവയെല്ലാം കൊച്ചിക്കൊപ്പം അതോറ്റിയുടെ നിയന്ത്രണത്തിലാണ്. ലാന്‍ഡിങ് ഫീ, പാര്‍ക്കിങ് ഫീ തുടങ്ങിയവയെല്ലാം നിശ്ചയിക്കുന്നത് അതോറിറ്റിയാണ്.
മറ്റു പല വിമാനത്താളങ്ങള്‍ക്കും യൂസര്‍ ഫീ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൊച്ചിയില്‍ അതില്ല. കേരളത്തില്‍ മൂന്നു വിമാനത്താവളങ്ങളിലായി വിമാനയാത്രക്കാര്‍ 1.8 കോടിയാണ്. അതില്‍ ഒരു കോടിയിലേറെ കൊച്ചിയിലും 50 ലക്ഷം തിരുവനന്തപുരത്തും ബാക്കി കോഴിക്കോട്ടും. കണ്ണൂര്‍ ആരംഭിച്ച് ഒരു വര്‍ഷം തികയാത്തതിനാല്‍ എണ്ണം കണക്കാക്കാറായിട്ടില്ല. ഇന്ത്യയിലാകെ 16 വിമാനത്താവളങ്ങള്‍ മാത്രമേ ഇനി വലിയതെന്ന നിര്‍വചനത്തില്‍ വരൂ. ആകെ 125 വിമാനത്താവളങ്ങളുള്ളതില്‍ ബാക്കി വ്യോമയാന വകുപ്പിനു കീഴില്‍ തുടരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 166.92 കോടി രൂപയാണ് അറ്റാദായം നേടിയത്. ഇതില്‍ 27 ശതമാനം ലാഭവിഹിതമായി നല്‍കാന്‍ തീരുമാനിച്ചതോടെ നിക്ഷേപകര്‍ക്ക് ലോട്ടറിയടിച്ചു. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാലിനുണ്ടായത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 % വര്‍ധനവ് രേഖപ്പെടുത്തി.മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 155.99 കോടിയായിരുന്നു. അറ്റാദായത്തില്‍ ഏഴു ശതമാനം വര്‍ധന. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടയില്‍ സര്‍വീസസ് ലിമിറ്റഡ് (സിഡിആര്‍എസ്എല്‍) ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവുമുണ്ട്.