കോര്‍പ്പറേറ്റ് പിരിച്ചുവിടല്‍ വര്‍ധിക്കുന്നു; തൊഴിലാളികളില്‍ നാലിലൊന്ന് ഇന്ത്യാക്കാര്‍ പ്രതിസന്ധിയില്‍

May 26, 2020 |
|
News

                  കോര്‍പ്പറേറ്റ് പിരിച്ചുവിടല്‍ വര്‍ധിക്കുന്നു; തൊഴിലാളികളില്‍ നാലിലൊന്ന് ഇന്ത്യാക്കാര്‍ പ്രതിസന്ധിയില്‍

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 24 മുതല്‍ രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്‌ഡൌണ്‍ കാരണം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ രാജ്യത്തെ സാമ്പത്തിക ആഘാതം കനത്തു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച് മെയ് 24 ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് 24.3 ശതമാനമായിരുന്നു.

ഏപ്രില്‍ 20 മുതലുള്ള ലോക്ക്‌ഡൌണിലെ ഇളവുകള്‍ ഇപ്പോഴും തൊഴിലില്ലായ്മ നിരക്കിനെ ഗുണകരമായി ബാധിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍, നഗര തൊഴിലില്ലായ്മാ നിരക്ക് മെയ് 17 ന് അവസാനിച്ച ആഴ്ചയില്‍ ഏകദേശം 27% ആയിരുന്നു. ഇത് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ കൂടുതലാണ്. ഇതിനര്‍ത്ഥം, നഗരത്തിലെ തൊഴില്‍ ചെയ്യുന്നവരില്‍ 25% ല്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ കാരണം നിലവിലുള്ള തൊഴില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പ്രവര്‍ത്തന ചെലവ് നിലനിര്‍ത്തുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന നഷ്ടം മറികടക്കാന്‍ അടുത്തിടെ വസ്ത്ര നിര്‍മാതാക്കളായ റെയ്മണ്ട് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒല, ഊബര്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി.

വരുമാനം കുറഞ്ഞതിനെത്തുടര്‍ന്ന് ഒലയും സ്വിഗ്ഗിയും യഥാക്രമം 1100, 1,400 ജീവനക്കാരെ വീതം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൊമാറ്റോ 13% തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിനുപുറമെ, പ്രധാന സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ പുതിയ ബിരുദധാരികള്‍ക്ക് നല്‍കുന്ന തൊഴില്‍ ഓഫറുകള്‍ പോലും ഊബര്‍, ഗാര്‍ട്ട്‌നര്‍ തുടങ്ങിയ കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്.

202021 മൂന്നാം പാദത്തില്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അത്രമാത്രം മഹാമാരി പ്രതിസന്ധി രൂക്ഷമാണ്. തൊഴില്‍ നഷ്ടവും ശമ്പള വെട്ടിക്കുറവും മഹാമാരിയ്ക്ക് ശേഷമുള്ള വീണ്ടെടുക്കല്‍ മന്ദഗതിയിലാക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved