
മുംബൈ: കോവിഡ്-19 രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. വിപണി കേന്ദ്രങ്ങള്‍ അടഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും രാജ്യത്ത് കുറഞ്ഞു. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസല്‍ഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു.
ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസല്‍ഗാവില്‍ ലേലവും നിര്‍ത്തിവെച്ചിട്ടുണ്ട്. ലസല്‍ഗാവ് മേഖലയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്. കേന്ദ്രം അടയ്ക്കണമെന്ന് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റിക്ക് ലസല്‍ഗാവ് ഉള്ളി വ്യാപാരി സംഘടനയും ചുമട്ടുതൊഴിലാളികളും നേരത്തേ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അടയ്ക്കുന്നതെന്ന് എ.പി.എം.സി. ലസല്‍ഗാവ് സെക്രട്ടറി നരേന്ദ്ര വദാവനെ പറഞ്ഞു.
അതേസമയം കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കയറ്റുമതി-ഇറക്കുമതി വ്യാപാര മേഖലയാകെ നിലച്ചിരിക്കുകയാണ്. ഉത്പ്പാദന കേന്ദ്രങ്ങളും സ്തംഭിച്ചു. യാത്രമേഖലകളും നിലച്ചു. വിപണി കേന്ദ്രങ്ങളും, ഉത്പ്പാദന കേന്ദ്രങ്ങളും അടഞ്ഞുകിടന്നതോടെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക ദുരിതമാണ് അനുഭവിക്കാന്‍ പോകുന്നത്.