
ദില്ലി: ഉള്ളിവില നൂറ് രൂപയ്ക്ക് മുകളിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്ത് പ്രശ്‌നപരിഹാരത്തിന് ഒരുങ്ങുന്നത്. ഉള്ളിവില വര്‍ധിച്ച സാഹചര്യത്തില്‍ നേരത്തെ തന്നെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഉള്ളിവില വീണ്ടും മേല്‍പ്പോട്ടുയരുന്ന സാഹചര്യത്തില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡ് വഴി വിപണിയിലെത്തിക്കും. ഈ വര്‍ഷത്തെ ഖാരിഫ് വിളയില്‍ 26% ഇടിഞ്ഞതാണ് വില വര്‍ധനവിന് കാരണമെന്ന് പറയുന്നു.ഉള്ളി ഉല്‍പ്പാദനത്തില്‍ മുമ്പിലുള്ള മഹാരാഷ്ട്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ അധിവൃഷ്ടിയും ഉള്ളി ഉല്‍പ്പാദനത്തെ ബാധിച്ചുവെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം ഉള്ളി കര്‍ഷകര്‍ക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നതെന്നും ഇടത്തട്ട് ചൂഷണമാണ് നടക്കുന്നതെന്നും ആരോപിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഉള്ളി വില വര്‍ധനവിന് കാരണം ഇടത്തട്ടുകാരുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഈ ആഴ്ച വിപണിയില്‍ ഉള്ളി കിലോയ്ക്ക് 100 രൂപയില്‍ കൂടുതലാണ് ഈടാക്കുന്നത്. ചെറിയഉള്ളി സവാള മറ്റ് പച്ചക്കറികളുടെ വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.