
മുംബൈ: മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഉള്ളിക്ക് മാര്‍ക്കറ്റില്‍ തീവിലയായി ഉയര്‍ന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉള്ളി വില വീണ്ടും കുതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില 4200 മുതല്‍ 4500 രൂപ വരെ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ നാസിക്കിലെ ലസല്‍ഗോണ്‍ മണ്ടിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ചൊവ്വാഴ്ച ഒരു ക്വിറ്റന്‍ ഉള്ളിയുടെ വില 3600 രൂപയാണെന്നും എഎന്‍ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയാണ് വില ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കൂടാതെ ഖാരിഫ് വിളകളുടെ വിതരണവും കുറഞ്ഞുവെന്ന് നിരവധി വ്യാപാരികള്‍ പറഞ്ഞു.
അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സമയത്താണ് ഉള്ളി വില ഉയരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ നാസിക്കില്‍ സംഭവിച്ചിരിക്കുന്ന വര്‍ദ്ധന അധിക നാളത്തേക്ക് ഉണ്ടാകില്ലെന്നാണ് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നത്. മധ്യപ്രദേശിലെയും, മഹാരാഷ്ട്രയിലെ മറ്റ് ചില മേഖലകളില്‍ നിന്നും വിളവെടുക്കുന്ന ഉള്ളി എത്തുന്നതോടെ നാസിക്കിലെ വില കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.