
ന്യൂഡല്‍ഹി: സവാള, ഉള്ളി വില വീണ്ടും ഉയര്‍ന്നേക്കാം എന്ന സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി എത്തുന്ന മഴ സവാള, ഉള്ളി കൃഷിയുടെ വിളവെടുപ്പിനെ ബാധിച്ചേക്കാം. ക്രിസില്‍ ആണ് വില വര്‍ധനയുടെ സൂചന നല്‍കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സവാള കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകരും.
നിലവില്‍ കിലോഗ്രാമിന് 30-40 രൂപ നിരക്കിലാണ് റീട്ടെയ്ല്‍ വില. പ്രധാന ഉത്പാദന കേന്ദ്രങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ മഴ മൂലം വിള പറിച്ചുനടാനാകുന്നില്ല. ഇത് കിലോഗ്രാമിന് വില 30 രൂപ കടക്കാന്‍ കാരണമായേക്കുമെന്നാണ് നിരീക്ഷണം. 2018 നെ അപേക്ഷിച്ച് താരതമ്യം ചെയ്താല്‍ ഈ വര്‍ഷവും ഉള്ളി വിലയില്‍ 100 ശതമാനത്തിലധികം വര്‍ധനയുണ്ടാകുമെന്നാണ് ക്രിസില്‍ ചൂണ്ടിക്കാട്ടുന്നത്.
ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശന്ങ്ങളും വിളയില്‍ ഈര്‍പ്പം വര്‍ദ്ധിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ കൂടുതല്‍ കാലത്തേക്ക് ഇവ സൂക്ഷിച്ച് വക്കാന്‍ കഴിയില്ല. നേരത്തെ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇപ്പോള്‍ പെട്ടെന്ന് നശിച്ചു പോകുന്നതാണ് അവസ്ഥ. ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മിക്ക വീടുകളിലും ഉള്ളി, ഉപഭോക്താക്കളെ വീണ്ടും കരയിപ്പിക്കാന്‍ സാധ്യതയുണ്ട്, കാലക്രമേണ ഉള്ളി, സവാള വിളവെടുപ്പ് വൈകിയേക്കും.
തൗക്തെയ് ചുഴലിക്കാറ്റ് കാരണം കൃത്യസമയത്ത് വിളവെടുപ്പ് നടത്താനാകാതെ വരികയും നിലവിലെ സ്റ്റോക്കുകള്‍ അധിക നാള്‍ നിലനില്‍ക്കില്ല എന്നതുമൊക്കെ വില വര്‍ദ്ധനവിന് കാരണമാകുമെന്നാണ് ക്രിസില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമം തെറ്റി പെയ്ത മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. സവാള വിളവെടുപ്പിനെ ഇത് ബാധിച്ചതിനാല്‍, 2018 നെ അപേക്ഷിച്ച് വില ഇരട്ടിയായി ഉയര്‍ന്നിരുന്നു.
ഓരോ മാസവും ശരാശരി 13 ലക്ഷം ടണ്‍ സവാള ഇന്ത്യ ഉപയോഗിക്കുന്നു. വര്‍ഷം മുഴുവനും ആവശ്യകതയുള്ളതിനാല്‍ രാജ്യത്ത് മൂന്ന് സീസണുകളില്‍ സവാള കൃഷി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് പ്രധാനമായും സവാള ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. മൊത്തം ഉല്‍പാദനത്തിന്റെ 75 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
അതേസമയം സവാള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ക്രിസില്‍ പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ സവാളയാണ് സംഭരിക്കുന്നത്. നിലവില്‍ മൊത്തം സ്റ്റോക്കിന്റെ ഏകദേശം 90 ശതമാനവും സംഭരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ സംഭാവനയും മഹാരാഷ്ട്രയില്‍ നിന്നു തന്നെ. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സവാള കൃഷി 41,081 ഹെക്ടറില്‍ നിന്ന് 51,000 ഹെക്ടറായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.