
സവാള ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും കീടബാധയും വിളയെ ബാധിച്ചതിനാല്‍ ഉള്ളി വിലയില്‍ വര്‍ദ്ധനവ്. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
പ്രതിദിനം 1,000 ടണ്‍ ഉള്ളി ഉപയോഗിക്കുന്ന ചെന്നൈ ഇപ്പോള്‍ വിതരണ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ ആവശ്യത്തിനായി ചെന്നൈയില്‍ 5,000 ട്രക്ക് ലോഡ് സവാള ആവശ്യമാണെങ്കിലും 15 മുതല്‍ 20 വരെ ട്രക്കുകള്‍ മാത്രമാണ് എത്തിച്ചേരുന്നത്. ഉള്ളി കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഒരു മൊത്ത ഉള്ളി വ്യാപാരി പറഞ്ഞു.
ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഉള്ളിയുടെ വില വളരെ കുറവായിരുന്നു. ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വിദേശത്ത് വളരെയധികം ആവശ്യക്കാരുള്ള ഉള്ളിയുടെ രാജ്യാന്തര വിലകളെയും ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും നിലവിലെ കുറവ് പരിഹരിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍, ഇതിന് സമയമെടുക്കും, അപ്പോഴേക്കും ഇവിടെ വില 100 കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ പല വലിയ കടകളിലും സംസ്ഥാന സര്‍ക്കാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പൂഴ്ത്തിവയ്പ്പിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയിലും പരിശോധനകള്‍ നടത്തിയതായാണ് വിവരം. സവാള ഒരു കിലോയ്ക്ക് 80 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ചെറിയ ഉള്ളി കിലോയ്ക്ക് 100-120 രൂപ വരെയാണ് വില.