
മുംബൈ: ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഇന്ത്യന്‍ സംരംഭങ്ങളിലും 'ഇടം' കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാജ്യത്തെ മുന്‍നിര റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയിലില്‍ 26 ശതമാനം ഓഹരി ലഭിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആമസോണിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ചൈനയുടെ വ്യാപാര ഭീമനായ അലിബാബ ഗ്രൂപ്പുമായി ആമസോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ മൂല്യത്തിന്റെ കാര്യത്തില്‍ വന്ന അഭിപ്രായ ഭിന്നതകള്‍ മൂലം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ പ്രഥമ സ്ഥാനം കൈവരിക്കാനാണ് ആമസോണിന്റെ നീക്കമെന്ന് ശരിവെക്കും വിധമുള്ള തരത്തിലാണ് കമ്പനിയുടെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഊഹത്തിനും തയാറല്ലെന്നും ഭാവിയില്‍ നടക്കാന്‍ പോകുന്നതിനെ പറ്റി ഇപ്പോഴേ പ്രതികരിക്കാനില്ലെന്നും ആമസോണ്‍ പ്രതിനിധി പറയുന്നു.
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസ് ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പുറത്ത് വന്നത്. ഇന്ത്യന്‍ ഭക്ഷണ വിതരണ വിപണിയുടെ വമ്പന്‍ ലാഭക്കണക്കാണ് ജെഫ് ബെസോസിന്റെ കമ്പനിയെ മോഹിപ്പിച്ചിരിക്കുന്നത്. പുതിയ ബിസിനസിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിക്ഷേപക കമ്പനിയായ കറ്റമാരന്‍ വെഞ്ച്വേഴ്സുമായി ആമസോണ്‍ പങ്കാളിത്തമുണ്ടാക്കിയതായും ജീവനക്കാരെ നിയമിക്കാന്‍ ആരംഭിച്ചതായുമാണ് വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബറില്‍ ആരംഭിക്കുന്ന രാജ്യത്തെ ഉല്‍സവകാലത്തിന് മുന്നോടിയായി സേവനം ലഭ്യമായി തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം. നിലവില്‍ ഇന്ത്യയില്‍ ആമസോണ്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം, വീഡിയോ, മ്യൂസിക് സ്ട്രീമിംഗ്, തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഗ്രോസറി വിതരണം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
നിലവില്‍ ആഭ്യന്തര കമ്പനികളായ സോമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ആമസോണിന്റെ കടന്നുവരവ് വന്‍ വ്യാപാര യുദ്ധത്തിന് വഴി തുറന്നേക്കും. റെഡ്സീര്‍ കണ്‍സള്‍ട്ടന്‍സി 2019 ജനുവരിയില്‍ പുറത്തുവിട്ട ഫുഡ്ടെക് ലീഡര്‍ഷിപ്പ് ഇന്‍ഡെക്സ് പ്രകാരം 2018 നാലാം പാദത്തില്‍ നാസ്പേഴ്സ്, ടെന്‍സെന്റ് എന്നീ കമ്പനികള്‍ക്ക് നിക്ഷേപമുള്ള സ്വിഗ്ഗിയാണ് വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സെക്ക്വോയ കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന സൊമാറ്റോ രണ്ടാം സ്ഥാനത്തുണ്ട്. യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ യുബര്‍ ഈറ്റ്സ്, ഒലയുടെ ഫുഡ്പാണ്ട ഇന്ത്യ എന്നിവ മൂന്നും നാലും സ്ഥാനത്താണ്.
ഇന്ത്യന്‍ വിപണി പ്രവേശനത്തിന് മുന്നോടിയായി യുബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബിസിനസ് ആമസോണ്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. റെഡ്സീര്‍ കണ്‍സള്‍ട്ടന്‍സിയുടെ കണക്കനുസരിച്ച് 2018 ല്‍ ഓണ്‍ലൈന്‍ ഫുഡ് ഓഡറുകളില്‍ 176 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക മുന്നേറ്റം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്നാണ് കണ്‍സള്‍ട്ടന്‍സി വിലയിരുത്തുന്നത്. ആമസോണ്‍ നേരത്തെ തങ്ങളുടെ ആഭ്യന്തര വിപണിയായ യുഎസില്‍ ഫുഡ് ഡെലിവറി സേവനം ആരംഭിച്ചിരുന്നുവെങ്കിലും വിപണി മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സേവനം അവസാനിപ്പിക്കുകയായിരുന്നു.