ടോക്കണൈസേഷന്‍: ഓണ്‍ലൈന്‍ വ്യാപരികള്‍ക്ക് വരുമാനത്തിന്റെ 40 ശതമാനം നഷ്ടപ്പെടാന്‍ സാധ്യത

December 23, 2021 |
|
News

                  ടോക്കണൈസേഷന്‍: ഓണ്‍ലൈന്‍ വ്യാപരികള്‍ക്ക് വരുമാനത്തിന്റെ 40 ശതമാനം നഷ്ടപ്പെടാന്‍ സാധ്യത

ഡിസംബര്‍ 31 ഓടെ ഓണ്‍ലൈന്‍ വ്യാപരികള്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ 20-40 ശതമാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ ബോഡി സിസിഐ. ജനുവരി മുതല്‍ ആര്‍ബിഐ നിര്‍ദേശിച്ച ടോക്കണൈസേഷന്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഇതിനു കാരണം. ഇതോടെ ഉപയോക്താക്കളുടെ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതി വ്യാപാരികള്‍ ഉപേക്ഷിക്കേണ്ടി വരും. കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ടോക്കണ്‍ സമ്പ്രദായാണ് ആര്‍ബിഐ മുന്നോട്ടു വയ്ക്കുന്നത്. സിസിഐ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി സംഘടിപ്പിച്ച 'ഡിജിറ്റല്‍ പേമെന്റ്സ് ആന്‍ഡ് ഇന്ത്യ മീഡിയ കണ്‍സ്യൂമര്‍' എന്ന വെര്‍ച്വല്‍ സെഷനിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

അടുത്ത വര്‍ഷം മുതല്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് സെഷന്റെ ലക്ഷ്യമെന്ന് സിസിഐ. വ്യക്തമാക്കി. ആര്‍ബിഐ നിയമങ്ങള്‍ക്ക് കീഴില്‍ ടോക്കണൈസേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കാന്‍ ചെറുകിട വ്യവസായികള്‍ക്കു സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ സംരംഭങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്റെ (എ.ഡി.ഐ.എഫ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ കുരുവിള ജോര്‍ജ് വ്യക്തമാക്കി. സാങ്കേതിക സംയോജനം, വരുമാന നഷ്ടം, ഉപഭോക്തൃ വിദ്യാഭ്യാസം എന്നിവ വ്യാപാരികളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനാവശ്യമായ സമയം ലഭിച്ചതുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഏകദേശം 98.5 കോടി കാര്‍ഡുകള്‍ ഉണ്ടെന്നാണു കണക്കുകള്‍. ഏകദേശം 1.5 കോടി പ്രതിദിന ഇടപാടുകള്‍ വഴി 4,000 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020-21 ലെ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വ്യവസായത്തിന്റെ മൂല്യം 14,14,85,173 കോടി രൂപയായിരുന്നു. കോവിഡ് കാലത്തു പോലും ഡിജിറ്റല്‍ പേമെന്റുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായി. ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്ദേശമെങ്കിലും, നടപ്പാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെല്ലുവിളിയാണ്.

ഒരു ടോക്കണൈസേഷന്‍ സൊല്യൂഷന് ഉപഭോക്താവിന് തയ്യാറാവണമെങ്കില്‍ (അതായത്, ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍) മൂന്നുഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെ സജീകരിക്കാന്‍ സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള എടുത്തുചാട്ടം ഇടപാടുകളെ പ്രതികൂലമായി ബാധിക്കുമെന്ന് സിസിഐ വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved