
സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിനെതിരെ മൂന്ന് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും, എംഐഎം അധ്യക്ഷന്‍ അസുദുദ്ദീന്‍ ഉവൈസിയുമാണ് സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണക്കുകയും ചെയ്തു. ബില്ലിന് അനുകൂലമായി 323 പേര്‍ വോട്ട് ചെയ്തു.
അതേ സമയം എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് സാമ്പത്തി സംവരണം ഏര്‍പ്പെടുത്തുന്നതിനെ പറ്റി പിന്നാക്ക വിഭാഗത്തിലെ സാമുദായിക സംഘടനകള്‍ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ നടത്തുന്നത്. മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ സര്‍ക്കാര്‍ സഭയില്‍ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ജോലിയിലും ഇനി മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് പരിഗണന ലഭിക്കും.
സാമൂഹിക പുരോഗതിയും സമത്വവുമാണ് സാമ്പത്തിക സംവരണത്തിലൂടെ സര്‍ക്കാറിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ പറഞ്ഞത്. സാമ്പത്തിക സംവരണത്തിന് നിയമ സാധ്യതയുണ്ടെന്ന് സാമുഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ട് പറഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് സാമൂഹ്യ നീതി ലക്ഷ്യമിട്ടാണെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. ബില്ലിനെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ എതിര്‍ക്കാത്തത് ബിജെപിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നോക്ക വിഭാഗക്കാരുടെ വോട്ട് ബിജെപിയെ പോലെ തന്നെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നോട്ടമിടുന്നുണ്ട്. അത് കൊണ്ടാണ് രാജ്യത്തെ ഭൂരിഭാഗം പാര്‍ട്ടികള്‍ക്കും സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിക്കേണ്ടി വരുന്നതെന്നാണ് സാമ്പത്തിക നിരീക്ഷകരും രാഷ്ട്രീയ നിരീക്ഷകരും ഒന്നടങ്കം വിലയിരുത്തുന്നത്.
അതേ സമയം 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി ലംഘിക്കുന്നുവെന്ന പ്രധനപ്രശ്‌നം ഇവിടെ ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം. ഭരണഘടനാ ഭേഗതി ബില്‍ സുപ്രീം കോടതിക്ക് തള്ളാനാകില്ലെന്ന വാദമാണ് സര്‍ക്കാര്‍ ബില്ല് അവതരണത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളത്.