
ന്യൂഡല്‍ഹി: ഉല്‍പ്പാദനം കൂട്ടേണ്ടതില്ല എന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം വന്നതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങി. മറ്റേതൊരു രാജ്യത്തേക്കാളും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഏറ്റവും ഉയരത്തിലാണ് എണ്ണവില. ആഗോള വിപണിയില്‍ ഇനിയും ഉയരാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ കാര്യം കഷ്ടമാകും. ഇക്കാര്യം എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദിയുള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളെ ഉണര്‍ത്തിയിരുന്നു. എന്നാല്‍ വില കുറഞ്ഞ വേളയില്‍ സംഭരിച്ചുവച്ച എണ്ണ ഉപയോഗിക്കാനാണ് സൗദിയുടെ മറുപടി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ലോകം മൊത്തം ലോക്ഡൗണിന് സമാനമായ സാഹചര്യത്തില്‍ എണ്ണവില കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞിരുന്നു. ബാരലിന് 20 ഡോളര്‍ വരെ ഇടിഞ്ഞു. ഈ സമയം ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങള്‍ വന്‍തോതില്‍ എണ്ണ വാങ്ങി സംഭരിച്ചിരുന്നു. ഇന്ത്യയുടെ മൂന്ന് സംഭരണികളിലും എണ്ണ നിറഞ്ഞു. ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകത്തിലെ മംഗലാപുരം, പഡുര്‍ എന്നിവിടങ്ങളിലെ സംഭരണികളില്‍ 2020 മാര്‍ച്ച്-മെയ് മാസങ്ങളില്‍ വാങ്ങിയ എണ്ണയാണുള്ളത്. ഇത് ഉപയോഗിക്കൂ എന്നാണ് സൗദിയുടെ നിര്‍ദേശം.
16.71 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ വില കുറഞ്ഞ വേളയില്‍ വാങ്ങി സംഭരിച്ചത്. അന്ന് ഒരു ബാരലിന് 19-20 ഡോളര്‍ ആയിരുന്നു വില. ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സൗദി എണ്ണ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചത്, മുമ്പ് വാങ്ങി വെച്ച എണ്ണ ഇന്ത്യ ഉപയോഗിക്കട്ടെ എന്നാണ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 67.44 ഡോളര്‍ ആണ് ഇന്നത്തെ വില. ഉല്‍പ്പാദനം കൂട്ടേണ്ടതില്ല എന്ന ഒപെക് തീരുമാനം വന്നതിന് ശേഷം ഒരു ശതമാനമാണ് വിലയില്‍ വര്‍ധനവുണ്ടായത്. കൊറോണ കാലത്ത് എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് ഉല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ലോകം വീണ്ടും സജീവമായതോടെ അവര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാതെ പിടിച്ചുനിര്‍ത്തുകയാണ്. ഇതോടെയാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. വളരെ വേഗത്തില്‍ ഉല്‍പ്പാദനം കൂട്ടേണ്ട എന്നാണ് ഒപെകിന്റെ തീരുമാനം. വില കൂടിയാല്‍ തങ്ങള്‍ക്ക് നേരിട്ട പഴയ നഷ്ടം നികത്താമെന്ന് ഒപെക് രാജ്യങ്ങള്‍ കരുതുന്നു.
കൊറോണ കാരണം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. എന്നാല്‍ പതിയെ രാജ്യം തിരിച്ചുകയറുകയാണ്. ഈ വേളയിലാണ് ഇരുട്ടടിയായി എണ്ണ വില ഉയരുന്നത്. ഇതാകട്ടെ രാജ്യത്തെ ഓരോ പൗരനെയും നേരിട്ട് ബാധിക്കുകയും ചെയ്യും. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിരുന്നു. വിലവര്‍ധവില്‍ വ്യാപക പ്രതിഷേധവും നിലനില്‍ക്കുകയാണ്.