എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാകാതെ ഒപെക് പ്ലസ്

July 03, 2021 |
|
News

                  എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാകാതെ ഒപെക് പ്ലസ്

ലണ്ടന്‍: ഡിമാന്‍ഡ് വര്‍ധനയും വിലക്കയറ്റവും കണക്കിലെടുത്ത് ഓഗസ്റ്റില്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ സമവായത്തിലെത്താന്‍ ലോകത്തിലെ പ്രധാന എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങളുടെ യോഗത്തിന് സാധിച്ചില്ല. എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിലെ പതിമൂന്ന് അംഗങ്ങളും പത്ത് സഖ്യരാഷ്ട്രങ്ങളും ഉള്‍പ്പെട്ട ഒപെക് പ്ലസ് എണ്ണയുല്‍പ്പാദനത്തില്‍ ക്രമേണയുള്ള വര്‍ധനവ് നടപ്പിലാക്കാന്‍ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം എണ്ണയ്ക്ക് കുത്തനെ വില ഇടിഞ്ഞ സാഹചര്യത്തിലാണ് ഒപെക് പ്ലസ് സംഘടന എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വില തിരിച്ചുകയറി തുടങ്ങിയതോടെ മെയ് മുതല്‍ ഉല്‍പ്പാദനം ക്രമേണയായി വര്‍ധിപ്പിച്ചിരുന്നു. സൗദി അറേബ്യുടെ നേതൃത്വത്തിലുള്ള ഒപെക് അംഗങ്ങള്‍ ടെലികോണ്‍ഫറന്‍സിലൂടെ വ്യാഴാഴ്ച വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ നടന്ന റഷ്യയുടെ നേതൃത്വത്തിലുള്ള പത്ത് സഖ്യ കക്ഷികളും ഉള്‍പ്പെട്ട യോഗത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ ഒപെകിന് കഴിഞ്ഞില്ല. വരുംദിവസങ്ങളില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഒപെക് പ്രസ്താവനയിലൂടെ അറിയിച്ചു.   

വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ എണ്ണ വിതരണത്തിലുള്ള വര്‍ധന സംബന്ധിച്ച ഉല്‍പ്പാദകര്‍ക്കിടയിലുള്ള ആശങ്കയാണ് തീരുമാനം നീണ്ടുപോകാനുള്ള കാരണമെന്ന് വുഡ് മക്കന്‍സിയിലെ അനലിസ്റ്റായ ആന്‍ ലൂയിസ് പറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാംപകുതിയിലും എണ്ണയുടെ ഡിമാന്‍ഡ് ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് നിലവിലെ ഒപെക് പ്ലസ് പ്രസിഡന്റും അങ്കോളയിലെ ഇന്ധന മന്ത്രിയുമായ ഡിയാമാന്തിനോ അസ്വെഡോ പറഞ്ഞു. കൊറോണ വൈറസ് ഇപ്പോഴും സംഹാരതാണ്ഡവം തുടരുകയാണെന്നും ആയിരക്കണക്കിന് ആളുകള്‍ക്കാര്‍ക്കാണ് ദിവസവും ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡെല്‍റ്റ വകഭേദം മൂലം നിരവധി രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നത് അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുവെന്ന വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: # OPEC, # ഒപെക്,

Related Articles

© 2024 Financial Views. All Rights Reserved