ഒപെക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വാങ്ങുന്ന എണ്ണയില്‍ വന്‍ ഇടിവ്; 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന അളവിലേക്ക്

May 04, 2021 |
|
News

                  ഒപെക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വാങ്ങുന്ന എണ്ണയില്‍ വന്‍ ഇടിവ്;  20 വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന അളവിലേക്ക്

ദുബായ്: ഒപെക് രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ കുറച്ചു. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 20 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന അളവിലേക്ക് എത്തിയിരിക്കുന്നു. വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകത്ത് എണ്ണ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യ ഒപെകിനെ കൈവിടുന്നു എന്നത് എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് കനത്ത തിരിച്ചടിയാണ്.

ഒരു വര്‍ഷം മുമ്പുള്ള ഇറക്കുമതി രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കുറവ് വന്നിട്ടുണ്ട്. അമേരിക്കയുടെയും കാനഡയുടെയും എണ്ണ ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ടിപ്പോള്‍. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും ലഭിച്ചിരുന്ന എണ്ണയുടെ വിലയ്ക്ക് തന്നെ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ലഭിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഒപെകില്‍ നിന്ന് പ്രതിദിനം വാങ്ങുന്നതില്‍ 2.86 ദശലക്ഷം ബാരല്‍ എണ്ണയാണ് കുറവ് വരുത്തിയിരിക്കുന്നതത്രെ. 2001-02 സാമ്പത്തിക വര്‍ഷം വാങ്ങിയിരുന്ന അളവിലേക്ക് എത്തിയിരിക്കുന്നു. അതിന് മുമ്പുള്ള ഇന്ത്യയുടെ ഇറക്കുമതി രേഖകള്‍ ലഭ്യമല്ല.

ലോകത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും എണ്ണ വാങ്ങുക എന്ന പദ്ധതിയാണ് ഇന്ത്യ നടപ്പാക്കുന്നത്. ഇതുവഴി വില കുറവിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എണ്ണ ഉപയോഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 4.5 ശതമാനം ആയിരുന്നു. ഇത് ഏഴ് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കാനഡയില്‍ നിന്നുള്ള ഇറക്കുമതി 0.6 ശതമാനത്തില്‍ നിന്നും 1.3 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന അഞ്ചാമത്തെ രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമേരിക്കയുടെ സ്ഥാനം 7 ആയിരുന്നു. ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. സൗദി, യുഎഇ, നൈജീരിയ എന്നീ രാജ്യങ്ങളാണ് അമേരിക്കക്ക് മുന്നിലുള്ളത്.

Read more topics: # OPEC, # ഒപെക്,

Related Articles

© 2024 Financial Views. All Rights Reserved