
ബംഗളൂരു:രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സൊമാട്ടോയ്ക്കും, സ്വിഗ്ഗിക്കും വന്‍ തിരിച്ചടികളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഭക്ഷണ പ്രിയരാരും ഈ രണ്ട് ഓണ്‍ലൈന്‍ കമ്പനികളെയൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. സൊമാട്ടോയും, സ്വിഗ്ഗിയും തങ്ങളുടെ ഡെലിവറി ചാര്‍ജ് വര്‍ധിപ്പിച്ചതോടെ കമ്പനികള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളില്‍ കുറവുണ്ടായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇരുവിഭാഗം കമ്പനികളും ഓര്‍ഡറുകളിലെ ഡെലിവറി ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കനമ്പനികള്‍ നല്‍കിവരുന്ന വന്‍വിലക്കിഴിവും, ഓര്‍ഡറുകളിലെ ചാര്‍ജുകളിലുള്ള ഇളവുകളും എടുത്തുകളയുകയും ചെയ്തതോടെയാണ് ഉപഭോക്താക്കള്‍ സൊമാട്ടോയില്‍ നിന്നും സ്വിഗ്ഗിയില്‍ നിന്നും മുഖം തിരിക്കാന്‍ തുടങ്ങിയത്. മാത്രമല്ല, ഉപോഭക്താക്കളിലുള്ള നിയന്ത്രണങ്ങള്‍ ഇരുവിഭാഗം കര്‍ശനമാക്കുകയും ചെയ്തു.
ലോയല്‍റ്റി പ്രൈസ് വര്‍ധിപ്പിക്കുകയും, ഓര്‍ഡറുകള്‍ റദ്ദ് ചെയ്യുന്നതടക്കമുള്ള ഓപ്ഷനുകളില്‍ കമ്പനികള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഓര്‍ഡറുകളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ഇരുവിഭാഗം കമ്പനികളുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ലിസ്റ്റ് ചെയ്തിരുന്ന റസ്റ്റോറന്റുകളുടെയും എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രതിമാസ ഓര്‍ഡറുകളില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രമുഖ ദേശീയ പത്രങ്ങളായ ഇക്കണോമിക് ടൈംസ്, മണി കണ്‍ട്രോള്‍ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം അഞ്ച് ശതമാനം മുതല്‍ ആറ് ശതമാനം വരെ ഇത്തരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഊബര്‍ ഈറ്റ്സിനെ സോമാട്ടോ 350 മില്യണ്‍ ഡോളറിന് ഏറ്റെടുത്ത ശേഷം വന്‍ തിരിച്ചടികള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍ കമ്പനികളുടെ പുതിയ ഫീസ് നയം ഉപഭോക്താക്കള്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ലോകത്തിലേറ്റവും വലിയ ഇ-കൊമഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ഭക്ഷണ വിതരണമടക്കമുള്ള ബിസിനസ് തലങ്ങളിലേക്ക് പ്രവേശിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. അതേസമയം ഊബറും സൊമാട്ടോയും തമ്മിലുള്ള ഇടപാടില്‍ 10 ശതമാനം ഓഹരി ഇടപാടുകളാണ് ഇരുവഭാഗത്തിനുമുള്ളത്. സൊമാട്ടോ കൃത്യസമയത്ത് അല്ലെങ്കില്‍ സൗജന്യ ഡെലിവറി പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. മാത്രമല്ല ഉപഭോക്താവിന് 10 രൂപ അധികമായി ലഭിക്കുകയും ചെയ്യും.
മാത്രമല്ല ഗോള്‍ഡ് ഇനത്തിലുള്ള ഉപഭോക്താക്കളില്‍ നിന്നും അധിക ചര്‍ജും കമ്പനി ഈടാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ബംഗളൂരു പോലെയുള്ള വലിയ നഗരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ക്ക് അധിക ചാര്‍ജും വാങ്ങാനാണ് ധാരണ. ദൂരം, ഉപഭക്താക്കള്‍ തെരഞ്ഞെടുക്കുന്ന റസ്റ്റോറന്റ്, ഭക്ഷണങ്ങളുടെ നിലവാരം തുടങ്ങിയവ വിലയിരുത്തിയാണ് പുതിയ ഓര്‍ഡറുകള്‍ നല്‍കിവരുന്നത്. മാത്രമല്ല, ഓര്‍ഡറുകള്‍ പിന്‍ വലിക്കുന്നവരില്‍ നിന്ന് അധിക പിഴ ഈടാക്കുന്നതിലേക്ക് നീങ്ങാനും സൊമാട്ടോയും സ്വിഗ്ഗിയും നിര്‍ബന്ധിതരായിരിക്കും.