ഇന്ത്യയില്‍ ചുവടുറപ്പിച്ച് ഒടിടി; വിപണിയില്‍ കടുത്ത മത്സരം

December 20, 2021 |
|
News

                  ഇന്ത്യയില്‍ ചുവടുറപ്പിച്ച് ഒടിടി; വിപണിയില്‍ കടുത്ത മത്സരം

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റുള്ള സിനിമ, റിലീസായി 15 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തിയത്. നേരത്തെ ഒണത്തിനും ക്രിസ്മസും അടക്കമുള്ള ആഘോഷകാലത്ത് ടിവിയിലെത്തുന്ന പുതിയ സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നിടത്ത് ഇപ്പോള്‍ ചര്‍ച്ച ഒടിടി റിലീസുകളാണ്. ടൊവിനോ തോമസ് നായകനായുന്ന മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്സിന്റെ ക്രിസ്മസ് റിലീസാണ്. ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍, അക്ഷയ് കുമാര്‍-ധനുഷ് ടീമിന്റെ സിനിമ എന്നിവ എത്തുന്നത് ഹോട്ട്സ്റ്റാറിലാണ്. പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയെക്കുറിച്ചാണ്. എന്റെര്‍ടെയ്ന്‍മെന്റ് ലോകത്തെ പ്രധാന കണ്ണിയായി ഒടിടി പ്ലാറ്റ്ഫോമുകള്‍ ബഹുദൂരം എത്തിയിരിക്കുന്നു.

മികച്ച സീരീസുകളിലൂടെ ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകള്‍ നെറ്റ്ഫ്‌ലിക്സും ആമസോണും ആണെങ്കിലും സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ഡിസ്നി ഹോട്ട്സ്റ്റാര്‍ ആണ് മുമ്പില്‍. 46 മില്യണിലധികമാണ് പെയ്ഡ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം. പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കുറഞ്ഞ തുക (499 രൂപ) വാര്‍ഷിക നിരക്കും ഹോട്ട്സ്റ്റാറിലാണ്. സ്പോര്‍ട്സ് ലൈവ് സ്ട്രീമിംഗും ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള സ്റ്റാര്‍ ചാനലുകളിലെ സീരിയലുകളും ആണ് ഹോട്ട്സ്റ്റാറിന് ഗുണം ചെയ്തത്. എച്ച്ബിഒ, ഡിസ്നി കണ്ടന്റുകളും ഹോട്ട്സ്റ്റാറിലാണ് എത്തുന്നത്.

19 മില്യണ്‍ പെയ്ഡ് ഉപഭോക്താക്കളാണ് ആമസോണിന് ഉള്ളത്. ആമസോണ്‍ മ്യൂസിക്, കിന്‍ഡില്‍ സേവനങ്ങള്‍ ഉള്‍പ്പടെ ഏറ്റവും മികച്ച സേവനങ്ങള്‍ ഒരുകുടക്കീഴില്‍ വതരിപ്പിക്കുന്നതും ആമസോണ്‍ മാത്രമാണ്. ആഗോള തലത്തില്‍ തന്നെ ഹിറ്റായ മണീ ഹീസ്റ്റ്, സ്വിഡ്ഗെയിം എന്നിവയൊക്കെ സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്‌ലിക്സിന് ഇന്ത്യയില്‍ 5 മില്യണ്‍ പെയ്ഡ് സബ്സ്‌ക്രൈബേഴ്സ് ആണുള്ളത്.

ഇന്ത്യയില്‍ ഉപഭോക്താക്കളെ കൂട്ടാനുള്ള നടപടിയുടെ ഭാഗമായി നെറ്റ്ഫ്‌ലിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ 60 ശതമാനം വരെ കുറച്ചത് കഴിഞ്ഞ ദിവസം ആണ്. ഏറ്റവും കുറഞ്ഞ പ്ലാനിന് 199 രൂപയില്‍ നിന്ന് 149 രൂപയായി. 799 രൂപ ആയിരുന്ന ഏറ്റവും ഉയര്‍ന്ന പ്ലാനിന് ഇപ്പോള്‍ 649 രൂപയാണ്. സീ5, സോണി ലിവ്, ഡിസ്‌കവറി പ്ലസ് തുടങ്ങി നിരവധി ഒടിടി പ്ലാറ്റഫോമുകള്‍ രാജ്യത്തുണ്ടെങ്കിലും മത്സരം ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവ തമ്മിലാണ്. ഈ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സേവനങ്ങള്‍ നല്‍കുന്നതും വാര്‍ഷിക പ്ലാനുകള്‍ ഇല്ലാത്തതും നെറ്റ്ഫ്ലിക്സിനാണ്. ഇതു കൊണ്ടാണ് നിരക്കുകള്‍ കുറയ്ക്കാന്‍ നെറ്റ്ഫ്‌ലിക്സ് മുതിര്‍ന്നത്. ആമസോണ്‍പ്രൈം നിരക്കുകള്‍ ഉയര്‍ത്തിയ അതേ ദിസവമാണ് നെറ്റ്ഫ്ലിക്സ് നിരക്കുകള്‍ കുറച്ചത് എന്നതും ശ്രദ്ധേയമായിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഗെയിമുകളും നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിരുന്നു.

പലരും ഒടിടികളിലേക്ക് എത്തിയത് കോവിഡ് ലോക്ക് ഡൗണ്‍കാലത്താണ്.ഓഫീസുകള്‍ വീണ്ടും തുറന്നതും തീയേറ്ററുകള്‍ സജീവമായതുംഒടിടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. ഇതുമനസിലാക്കി ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള വഴികളാണ് ഒടിടികള്‍ തേടുന്നത്. ഓഫീസുകളില്‍ പോയ് തുടങ്ങിയതോടെ പലര്‍ക്കും സീരീസും സിനിമകളും കാണാന്‍ മതിയായ സമയം കിട്ടുന്നില്ല. അവധി ദിവസങ്ങളില്‍ മാത്രമാണ് സീരീസുകളും മറ്റും കാണുന്നത്. ഒരു മാസം നാല് അവധികളാണ് കിട്ടുന്നത്. നാല് ദിവസത്തേക്ക് കാണാന്‍ ഒരുമാസത്തെ/ ഒരു കൊല്ലത്തെ സബ്സ്‌ക്രിപ്ഷന്‍ എടുക്കണോ എന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു ദിവസത്തേക്ക് കാണാവുന്ന രീതിയില്‍ സബ്സ്‌ക്രൈബ് ചെയ്യാവുന്ന ഓപ്ഷനുകള്‍ ലഭ്യമായാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. താമസിയാതെ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇത്തരം പ്ലാനുകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയേക്കും.

Read more topics: # OTT platforms,

Related Articles

© 2025 Financial Views. All Rights Reserved