യെസ് ബാങ്കിന്റെ വീഴ്ച മുതലെടുത്ത് ഐസിഐസിഐ ബാങ്ക്; യെസ് ബാങ്കില്‍ നിന്നും ഒരു മില്യണിലധികം യുപിഐകള്‍ ഐസിഐസിഐ ബാങ്കിലേക്ക് കുടിയേറി; പേയ്മെന്റ് അപ്ലിക്കേഷന്‍ ഫോണ്‍പേയും വിജയം കണ്ടെത്തി

March 13, 2020 |
|
News

                  യെസ് ബാങ്കിന്റെ വീഴ്ച മുതലെടുത്ത് ഐസിഐസിഐ ബാങ്ക്; യെസ് ബാങ്കില്‍ നിന്നും ഒരു മില്യണിലധികം യുപിഐകള്‍ ഐസിഐസിഐ ബാങ്കിലേക്ക് കുടിയേറി; പേയ്മെന്റ് അപ്ലിക്കേഷന്‍ ഫോണ്‍പേയും വിജയം കണ്ടെത്തി

ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് യെസ് ബാങ്ക് ലിമിറ്റഡിന്റെ ഒരു മില്യണിലധികം യുപിഐ(യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്)കള്‍ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലേക്ക് മാറിയിട്ടുണ്ടെന്ന് പേയ്മെന്റ് പ്ലാറ്റ്‌ഫോം ക്യാഷ്ഫ്രീ പേയ്മെന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. മാര്‍ച്ച് 5 നാണ് റിസര്‍വ് ബാങ്ക് യെസ് ബാങ്കിനു മേല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. നിരവധി യുപിഐ പേയ്മെന്റുകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇവരുടെ യുപിഐ സേവനങ്ങളും തടഞ്ഞു. 

രാജ്യത്തെ യുപിഐ പേയ്മെന്റുകളില്‍ 39 ശതമാനവും യെസ് ബാങ്കാണ് വഹിക്കുന്നതെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മറ്റ് ഏത് ബാങ്കിനേക്കാളും ഉയര്‍ന്ന നിരക്കാണ്. തകരാറുണ്ടായ സമയത്ത് 10 ലക്ഷത്തിലധികം യുപിഐ ഹാന്‍ഡിലുകള്‍ സജീവമായി ഇടപാട് നടത്തിയിരുന്നു. ഓഫ്ലൈന്‍ കിരാന പേയ്മെന്റുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, വായ്പ തിരിച്ചടവ്, ബി 2 ബി റീട്ടെയിലര്‍ വിതരണ പേയ്മെന്റുകള്‍ എന്നിവ ശേഖരിക്കുന്നതിന് ഈ യുപിഐ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചിരുന്നു എന്ന് കാഷ്ഫ്രീയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആകാശ് സിന്‍ഹ പറഞ്ഞു.

ബാങ്കിന്റെ തകര്‍ച്ച കാരണം പേയ്മെന്റ് അപ്ലിക്കേഷന്‍ ഫോണ്‍പേയും വിജയം കണ്ടെത്തിയിട്ടുണ്ട്. യുപിഐ പേയ്മെന്റുകളില്‍ ഫോണ്‍പേയുടെ ഏക പങ്കാളിയായിരുന്നു യെസ് ബാങ്ക്. എന്നാല്‍ മൊറട്ടോറിയത്തെ തുടര്‍ന്ന് യുപിഐ പ്ലാറ്റ്ഫോം പരാജയപ്പെടാന്‍ ഇത് കാരണമായി. എന്നിരുന്നാലും ഫോണ്‍പേ അന്നുതന്നെ തിരികെ വന്നു. ഫോണ്‍പേ തിരികെ വരുമ്പോള്‍ അതിന്റെ ഉപയോക്താക്കളെ മറ്റ് ബാങ്കുകളിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍, യെസ് ബാങ്കിന്റെ യുപിഐ പേയ്മെന്റുകള്‍ എന്‍പിസിഐ അനുവദിച്ചതായി വേണം കരുതാന്‍. എന്നിരുന്നാലും, ഉപയോക്താക്കള്‍ക്ക് ഒടുവില്‍ മറ്റ് ബാങ്കുകളിലേക്ക് മാറേണ്ടി വരും. മാത്രമല്ല പേയ്മെന്റ് പ്ലാറ്റ്ഫോമുകളും അപ്ലിക്കേഷനുകളും ഇത് ചെയ്യേണ്ടി വരും.

എന്‍പിസിഐ ബാങ്കിന്റെ യുപിഐ ഹാന്‍ഡിലുകള്‍ അസാധുവാക്കിയിരുന്നു. അതായത് @ybl അല്ലെങ്കില്‍ @yesbank ല്‍ അവസാനിക്കുന്ന വെര്‍ച്വല്‍ പേയ്മെന്റ് വിലാസങ്ങള്‍ കൈവശമുള്ള ആര്‍ക്കും ഇപ്പോള്‍ അസാധുവായ വെര്‍ച്വല്‍ പേയ്മെന്റ് വിലാസമാണുള്ളത്. കമ്പനികള്‍ യെസ് ബാങ്കിന്റെ വെര്‍ച്വല്‍ പേയ്മെന്റ് വിലാസങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓഫ്ലൈന്‍ ലൊക്കേഷനുകളില്‍ ക്യുആര്‍ കോഡുകളും മാറ്റേണ്ടതുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved