
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 16,600ല്‍ അധികം പിതിയ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച്, ഇത് 26 ശതമാനം കൂടുതലാണ്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം കുറയുമ്പോള്‍ സംരംഭകത്വം വര്‍ധിക്കുന്നതായി സൂചിപ്പിക്കുന്നതാണ് കണക്കുകള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
ജൂണില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ ബിസിനസുകളില്‍ 12,722 എണ്ണം പുതിയ കമ്പനികളും 3,940 എണ്ണം ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പുകളുമാണ് (എല്‍എല്‍പി). സേവന മേഖല മുന്‍ഗണന നല്‍കുന്ന കൂടുതല്‍ സൗകര്യപ്രദമായ ബിസിനസ്സ് മാര്‍ഗമാണ് എല്‍എല്‍പി. ജൂണില്‍ പുതിയ ബിസിനസ്സ് രജിസ്‌ട്രേഷന്‍ മേയ് മാസത്തെ അപേക്ഷിച്ച് 16.7% ഉയര്‍ന്നു.
ബിസിനസ് രജിസ്‌ട്രേഷനുകളില്‍ വ്യക്തമാകുന്നത് നിക്ഷേപ താല്‍പ്പര്യവും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധനവുമാണ്. എന്നിരുന്നാലും ഈ ബിസിനസുകളിലേക്കുള്ള യഥാര്‍ത്ഥ നിക്ഷേപത്തെ സ്വാധീനിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. ചില ബിസിനസുകള്‍ ആസ്തികളുടെ ഉടമസ്ഥാവകാശത്തിനായി മാത്രം രജിസ്റ്റര്‍ ചെയ്യാം.
ദേശീയ തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന്റെ ഫലമായി പുതിയ കമ്പനികളുടെയും എല്‍എല്‍പികളുടെയും രജിസ്‌ട്രേഷന്‍ കഴിഞ്ഞ ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞെങ്കിലും ജൂണ്‍ മുതല്‍ വീണ്ടെടുത്തു. ഈ വര്‍ഷം മെയ് മാസത്തെ കണക്കുകള്‍ നേരിയ ഇടിവ് കാണിക്കുന്നുണ്ടെങ്കിലും, ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ മൊത്തത്തിലുള്ള പ്രവണത ശക്തമായതാണ്. ഇത് സംരംഭകത്വ മനോഭാവത്തില്‍ കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന് സൂചിപ്പിക്കുന്നതാണ്.
രണ്ടാം തരംഗസമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേ-അറ്റ് ഹോം നിയന്ത്രണങ്ങള്‍, മേയില്‍ നേടിയ വില്‍പ്പന ബിസിനസുകള്‍ക്കായി ജൂണില്‍ റിപ്പോര്‍ട്ട് ചെയ്ത ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷനുകളില്‍ നേരിയ ഇടിവുണ്ടാക്കി. എട്ട് മാസങ്ങള്‍ക്ക് ശേഷം ജൂണില്‍ ജിഎസ്ടി സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്ക് താഴെ എത്തി.