കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുതുതായി ആരംഭിച്ചത് 1.67 ലക്ഷം കമ്പനികള്‍

April 19, 2022 |
|
News

                  കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുതുതായി ആരംഭിച്ചത് 1.67 ലക്ഷം കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1.67 ലക്ഷം കമ്പനികളെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം.  2020-21 സാമ്പത്തിക വര്‍ഷം 1.55 ലക്ഷം കമ്പനികളായിരുന്നു ആരംഭിച്ചത്. ഈ വളര്‍ച്ച വളരെ പ്രധാനപ്പെട്ടതാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്ന കണക്കാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

2021-22 വര്‍ഷത്തില്‍ പുതിയ കമ്പനികളുടെ കാര്യത്തില്‍ 2020-21 വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവുണ്ടായി. 2020-21 വര്‍ഷത്തില്‍ 1.55 ലക്ഷം കമ്പനികളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. 2019-20 ല്‍ 1.22 ലക്ഷവും, 2018-19 ല്‍ 1.24 ലക്ഷവും കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ബിസിനസ് ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അത് സുഗമമായും വേഗത്തിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ 2013 ല്‍ കമ്പനീസ് ആക്ടും അതോടൊപ്പം മറ്റ് പല നിയമങ്ങളും നടപ്പിലാക്കിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിനസ് മേഖലയില്‍ 44,168 കമ്പനികളും നിര്‍മാണ മേഖലയില്‍ 34,640 കമ്പനികളും കമ്യൂണിറ്റി, പേഴ്സണല്‍, സോഷ്യല്‍ സര്‍വീസ് മേഖലയില്‍ 23,416 കമ്പനികളും, കാര്‍ഷിക അനുബന്ധ മേഖലയില്‍ 13,387 കമ്പനികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കുടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ 31,107 കമ്പനികളാണ് സംസ്ഥാനത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നില്‍ 16,969 കമ്പനികളുമായി ഉത്തര്‍ പ്രദേശാണുള്ളത്. ഡല്‍ഹിയില്‍ 16,323 കമ്പനികള്‍, കര്‍ണാടകയില്‍ 13,403 കമ്പനികള്‍, തമിഴ്നാട്ടില്‍ 11,020 കമ്പനികള്‍ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പുതിയതായി ആരംഭിച്ച കമ്പനികളുടെ കണക്കുകള്‍.

Read more topics: # COMPANY,

Related Articles

© 2025 Financial Views. All Rights Reserved