
ന്യൂഡൽഹി: കോവിഡ് 19 മൂലമുണ്ടായ ലോക്ക്ഡൗണിന്റെ ആഘാതത്തിൽ നിന്ന് രക്ഷനേടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ച പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജിലൂടെ (പിഎംജികെപി) 31,235 കോടി രൂപ ധനസഹായം നൽകി. 33 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ ഫലം ലഭ്യമായിട്ടുള്ളത്.
1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ലോക്ക്ഡൗൺ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് പാവപ്പെട്ട സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും കർഷകർക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പാക്കേജിന്റെ വേഗത്തിലുള്ള നടപ്പാക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ടുന്നവർക്കുള്ള ദുരിതാശ്വാസ നടപടികൾ ആവശ്യക്കാർക്ക് വേഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താൻ ധനമന്ത്രാലയം, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, കാബിനറ്റ് സെക്രട്ടേറിയറ്റ്, പിഎംഒ എന്നിവർ ശ്രമിക്കുന്നതായും വ്യക്തമാക്കി.
ഗുണഭോക്താവിന് വേഗത്തിലും കാര്യക്ഷമമായും സഹായം കൈമാറുന്നതിനായി ഫിൻടെക്, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. തുക നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഒഴിവാക്കുകയും ചെയുന്നത് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഉപയോഗിച്ചിട്ടുണ്ട്. ഗുണഭോക്താവിന് ശാരീരിക അകലം പാലിച്ചുകൊണ്ട് ബ്രാഞ്ചിലേക്ക് പോകാതെ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയുന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നും അതിൽ പറയുന്നു.
2020 ഏപ്രിൽ 22 ലെ കണക്കുപ്രകാരം 16,146 കോടി രൂപയാണ് പിഎം-കിസാന്റെ ആദ്യ ഗഡുവായി നൽകിയത്. ഈ പദ്ധതി പ്രകാരം തിരിച്ചറിഞ്ഞ 8 കോടി ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് 2,000 രൂപ ലഭിച്ചു. 20.05 കോടി വനിതകളായ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 500 രൂപ വീതമാണ് അക്കൗണ്ടിൽ ലഭിച്ചത്. ഏപ്രിൽ 22 ലെ കണക്കനുസരിച്ച് 10,025 കോടി രൂപയാണ് മൊത്തം വിതരണം. ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻഎസ്‌പി) വഴി 2.82 കോടി വൃദ്ധർക്കും വിധവകൾക്കും വികലാംഗർക്കും 1,400 കോടി രൂപ വിതരണം ചെയ്തു.