
കൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നിര്‍മാണ മേഖലയില്‍ കനത്ത വെല്ലുവിളിയാകുന്നു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ പദ്ധതികളില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബില്‍ഡര്‍മാര്‍. നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍.
സര്‍വേയുടെ ഭാഗമായ 95 ശതമാനം ബില്‍ഡര്‍മാരും പദ്ധതികളില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തര ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്നാണ് ബില്‍ഡര്‍മാര്‍ പറയുന്നത്.
തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികള്‍, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിര്‍മാണച്ചെലവിലെ വര്‍ധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികള്‍. ആദ്യ തരംഗത്തെക്കാള്‍, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതായാണ് സര്‍വേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ പറഞ്ഞു.
സര്‍വേയില്‍ 90 ശതമാനം ഡെവലപ്പര്‍മാരും ഈ അഭിപ്രായം പങ്കുവെച്ചു. ഉപഭോക്താക്കള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാന്‍ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകള്‍ വൈകുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 2021 മേയ് 24-നും ജൂണ്‍ മൂന്നിനും ഇടയിലാണ് ക്രെഡായ് സര്‍വേ നടത്തിയത്. 217 നഗരങ്ങളില്‍ നിന്നുള്ള 4,813 ഡെവലപ്പര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തു.