
ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ വിദേശ നിക്ഷേപങ്ങളില്‍ വലിയ ഇടിവ്. റിസര്‍വ്വ് ബാങ്കിന്റെ കണക്കുകളാണ് വിവരം പുറത്തുവിട്ടത്. 2020 ഡിസംബറില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികളുടെ വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപത്തില്‍ 42 ശതമാനം ഇടിവ് സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏതാണ് പാതിയോളം ഇടിഞ്ഞു എന്നര്‍ത്ഥം. മൊത്തം 1.45 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം.
2019 ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയയത് മൊത്തം 2.51 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. സംയുക്ത സംരംഭങ്ങളിലോ പൂര്‍ണ ഉടമസ്ഥതയില്‍ ഉള്ള സംരംഭങ്ങളിലോ ആണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. പല രാജ്യങ്ങളിലും വിദേശ നിക്ഷേപങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങളും ഇല്ല.
2020 നവംബറിലും ഇന്ത്യന്‍ കമ്പനികളുടെ വിദേശത്തുള്ള നിക്ഷേപങ്ങളില്‍ ഇടിവ് സംഭവിച്ചിരുന്നു. 1.06 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇത്. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ ഇടിവാണ് നവംബറില്‍ ഉണ്ടായത്. എന്തായാലും ഡിസംബറില്‍ സ്ഥിതി മെച്ചപ്പെടുത്തി എന്നത് ആശ്വാസകരമാണ്.
കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം തന്നെയാണ് ഇതിലും ദൃശ്യമായിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു കൊവിഡ് വ്യാപനം. വാക്സിനുകള്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും ഇപ്പോഴും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിച്ചിട്ടില്ല.
പല ഇന്ത്യന്‍ കമ്പനികളും വിദേശങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഡിസംബറില്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തിയതില്‍ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് ആണ് മുന്നില്‍ 131.85 ദശലക്ഷം ഡോളര്‍ ആണ് സംയുക്ത സംരംഭങ്ങളിലും പൂര്‍ണ ഉടമസ്ഥതയിലും ഉള്ള സംരംഭങ്ങളിലുമായി മ്യാന്‍മര്‍, റഷ്യ, വിയറ്റ്നാം, കൊളംബിയ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ഒഎന്‍ജിസി വിദേശ് നടത്തിയത്.
വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണുള്ളത്. യുകെയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ 75.22 ദശലക്ഷം ഡോളര്‍ ഇവര്‍ നിക്ഷേപിച്ചു. തൊട്ടുപിറകിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) 27.77 ദശലക്ഷം ഡോളര്‍ അയര്‍ലണ്ടിലെ സ്വന്തം സ്ഥാപനത്തിലും നിക്ഷേപിച്ചിട്ടുണ്ട്.