വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിയുന്നു; വിറ്റത് 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍

December 17, 2021 |
|
News

                  വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിയുന്നു; വിറ്റത് 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍

ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിയുന്നു. ഒക്ടോബര്‍ മുതല്‍ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എന്‍എസ്ഡിഎലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് പിന്നില്‍. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങള്‍. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍, ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി.

തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാല്‍ 2022ല്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ ഫെഡ് റിസര്‍വ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകള്‍ രാജ്യത്തെ ബോണ്ട് വിപണിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതിന് അത് കാരണമാകും. സാമ്പത്തിക വളര്‍ച്ചയോടൊപ്പം കോര്‍പറേറ്റ് വരുമാനത്തിലും വര്‍ധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തില്‍ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തല്‍. ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം.

എന്‍എസ്ഡിഎലില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖല തുടങ്ങിയ കമ്പനികളില്‍നിന്നാണ് വിദേശ നിക്ഷേപകര്‍ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബര്‍ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയില്‍നിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവര്‍ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ്, വാഹനം, വാഹന ഘടകഭാഗങ്ങള്‍, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളില്‍ നിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി.

Read more topics: # Investor,

Related Articles

© 2025 Financial Views. All Rights Reserved