
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതായി ഓയോ ഹോട്ടൽസ് അറിയിച്ചു. ചില ജീവനക്കാരോട് അടുത്ത നാല് മാസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ അവധിയിൽ പ്രവേശിക്കാനും കമ്പനി ആവശ്യപ്പെട്ടു. മെയ് 4 മുതൽ ഓഗസ്റ്റ് 30 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഓയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് കപൂർ ജീവനക്കാരെ ഇമെയിൽ വഴിയാണ് തീരുമാനം അറിയിച്ചത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതും ആവശ്യമുള്ളതുമായ ഒരു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ഇ മെയിലിൽ വ്യക്തമാക്കി.
അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള എല്ലാവരുടെയും ശമ്പളം 25 ശതമാനം കുറയ്ക്കാനാണ് തീരുമാനം. 2020 ഏപ്രിൽ-ജൂലൈ ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരും. ജീവനക്കാരുമായുള്ള കരാർ അനുസരിച്ച് മറ്റെല്ലാ ആനുകൂല്യങ്ങളും നിബന്ധനകളും മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു. പ്രതിവർഷം 5 ലക്ഷം രൂപയിൽ കുറവ് വരുമാനമുള്ളവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കൽ ബാധകമല്ലെന്ന് കപൂർ ഇമെയിലിൽ പറഞ്ഞു.
അവധിയിൽ പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്, രക്ഷാകർതൃ ഇൻഷുറൻസ്, സ്‌കൂൾ ഫീസ് റീഇംബേഴ്‌സ്‌മെന്റ്, എക്സ്-ഗ്രേഷ്യ എന്നീ സേവനങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ മെഡിക്കൽ അടിയന്തിര സാഹചര്യമുണ്ടായാൽ ജീവനക്കാർക്ക് ഇൻഷ്വർ ചെയ്ത തുകയേക്കാൾ കൂടുതൽ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. അവധി എടുക്കാൻ ആവശ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം 3,500 കവിയാൻ സാധ്യതയുണ്ട്. പിരിച്ചുവിടലുകളുടെ സാധ്യതകളും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല.
യുഎസിലെ നിരവധി ജീവനക്കാരെയും കരാറുകാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. എന്നാൽ മെയ് 3 ന് അവസാനിക്കുന്ന ലോക്ക്ഡൗൺ കാലയളവിൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരം ഇതുവരെ ഇന്ത്യയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ കൂടുതൽ ജീവനക്കാരോട് അവധിയെടുക്കാൻ കമ്പനി ആവശ്യപ്പെടും.
കോവിഡ് -19 മഹാമാരി മൂലം ഹോട്ടൽ വ്യവസായത്തിന് വളരെയധികം നാശനഷ്ടമുണ്ടായിട്ടുണ്ട്. ചൈന, ഡെൻമാർക്ക്, ജപ്പാൻ തുടങ്ങിയ വിപണികളിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഓയോയുടെ വരുമാനം 50-60 ശതമാനം കുറഞ്ഞു. ആഗോളതലത്തിൽ മറ്റ് ചില ഹോട്ടലുകളുടെ വരുമാനം 75 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്.
ലോകമെമ്പാടുമുള്ള എക്‌സിക്യൂട്ടീവ് ടീം 25-50 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ സ്വമേധയാ തീരുമാനിച്ചതായി ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. സിഇഒയും സ്ഥാപകനുമായ റിതേഷ് അഗർവാൾ ഈ വർഷം ശമ്പളം 100 ശതമാനവും വെട്ടിക്കുറച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.