
ജീവനക്കാരുടെ ശമ്പളം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് അറിയിച്ച് ഓയോ റൂംസ്. ഇക്കാര്യം സംബന്ധിച്ച് ഓഗസ്റ്റ് നാലിന് നടന്ന കമ്പനി യോഗത്തില്‍ ഓയോ സിഇഒ രോഹിത് കപൂര്‍, ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ ദിനേശ് രാമമൂര്‍ത്തി എന്നിവര്‍ ജീവനക്കാരോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ലക്ഷം രൂപവരെ സ്ഥിര നഷ്ടപരിഹാരം ലഭിക്കുന്ന ജീവനക്കാരുടെ ശമ്പളം ഈ മാസം മുതല്‍ തന്നെ പുനസ്ഥാപിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയെയും ദക്ഷിണേഷ്യയെയും അടിസ്ഥാനമാക്കിയുള്ള ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പിന്റെ 60 ശതമാനം തൊഴിലാളികളും ആ ബ്രാക്കറ്റിനുള്ളില്‍ തന്നെ സമ്പാദിക്കുന്നതായണ് ഓയോ അഭിപ്രായപ്പെടുന്നത്. എട്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ക്ക് 25 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഒക്ടോബര്‍ മുതല്‍ 12.5 ശതമാനവും, 2020 ഡിസംബറോടെ പൂര്‍ണമായും പുനസ്ഥാപിക്കാനാകുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് പ്രതിസന്ധി മൂലം ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന്, ആഗോളതലത്തില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിത അവധികള്‍ നല്‍കുകയും ചെയ്യുന്നതായി ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രില്‍ 20 -ഓടെ ഇന്ത്യയിലെ നിരവധി ജീവനക്കാരുടെ ശമ്പളം കമ്പനി 25 ശതമാനം വെട്ടിക്കുറയ്ക്കുകയുണ്ടായി.
ഈ നടപടി നാല് മാസത്തേക്ക് നടപ്പാക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞിരുന്നെങ്കിലും, ശേഷം 100 ശതമാനം ശമ്പളം വെട്ടിക്കുറച്ചു. താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയ ജീവനക്കാരുടെ എണ്ണം ഓയോ സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് അവസാനവാരത്തോടെയാവും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ എന്ന് കപൂര്‍ കൂട്ടിച്ചേര്‍ത്തു. ഓയോയുടെ ഇന്ത്യയിലെ ബിസിനസ്, കൊവിഡ് പൂര്‍വ നിലയായ 30 ശതമാനമെന്ന് നിലയില്‍ തുടരുകയാണെന്ന് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
രാജ്യമെമ്പാടുമുള്ള ലോക്ക്ഡൗണ്‍ നടപടികള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വീണ്ടെടുക്കലിനെ സാരമായി ബാധിക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍, അമേരിക്കയിലെ തങ്ങളുടെ ജീവനക്കാരില്‍ വലിയൊരു വിഭാഗം ആളുകളെയും പിരിച്ചുവിടുമെന്ന് ഓയോ അറിയിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള 'ടൗണ്‍ഹൗസ്' പ്രോപ്പര്‍ട്ടികള്‍ക്കായി 250 -ഓളം ഹോട്ടല്‍ ഉടമകളുമായുള്ള കരാര്‍ ഓയോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വരുമാനം പൂര്‍ണതോതില്‍ തിരിച്ചെത്തിയശേഷം സ്ഥിര പേയ്മെന്റ് കരാറുകള്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് പ്രതീക്ഷിച്ചതിനാലായിരുന്നു ഇത്.