
ഇന്ത്യയില്‍ നിന്നുളള ഇലക്ട്രോണിക് മീഡിയ കണ്ടന്റുകള്‍ക്കായുളള ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് അടിയന്തരമായി നിരോധനം ഏര്‍പ്പെടുത്താന്‍ പാക് ബാങ്കുകളോട് ആവശ്യപ്പെട്ട് പാകിസ്താന്‍ സര്‍ക്കാര്‍. നവംബര്‍ 9ന് ചേര്‍ന്ന പാക് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 13നകം പാകിസ്താനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് മറ്റ് ബാങ്കുകള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സീ5 വീഡിയോ ഓണ്‍ ഡിമാന്‍ഡ് അടക്കം ഇന്ത്യയില്‍ നിന്നുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നതിന് ക്രഡിറ്റ് കാര്‍ഡ് അടക്കം ഉപയോഗപ്പെടുത്തുന്ന പേയ്മെന്റ് വഴികള്‍ അടക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതായി ബാങ്കുകള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നുളള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്ക് പാകിസ്താനില്‍ നേരത്തെ തന്നെ നിരോധനം നിലവിലുളളതാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ഡിടിഎച്ച് സര്‍വ്വീസുകളെ മാത്രമേ ബാധിക്കുകയുളളൂ എന്നാണ് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ആയ അബ്സാര്‍ ആലം വ്യക്തമാക്കുന്നത്. ഡിടിഎച്ച് സൗകര്യമുളളവര്‍ കൂടുതലും ഇന്ത്യയില്‍ നിന്നുളള കണ്ടന്റുകളാണ് ഉപയോഗിക്കുന്നത് എന്നും ഇവര്‍ ഓണ്‍ലൈന്‍ പെയ്മെന്റുകളെ ആണ് ആശ്രയിക്കുന്നത് എന്നും അബ്സാര്‍ ആലം പറയുന്നു. ഉപഭോക്താക്കള്‍ക്ക് പാകിസ്താനില്‍ നിന്ന് പേയ്മെന്റുകള്‍ നടത്താനാകില്ലെങ്കിലും യുഎഇ അടക്കമുളള മറ്റ് രാജ്യങ്ങള്‍ വഴി നടത്താവുന്നതാണ്.