പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ധന വില കുതിച്ചുയരുന്നു

May 27, 2022 |
|
News

                  പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ധന വില കുതിച്ചുയരുന്നു

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. വിലക്കയറ്റം അതിരൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന വിലയിരുത്തലുണ്ട്. നിലവില്‍ പാകിസ്ഥാനില്‍ ഇന്ധന വില കുതിക്കുകയാണ്. 30 രൂപയുടെ വര്‍ധനയാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. വില വര്‍ധന അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ പെട്രോള്‍ ലിറ്ററിന് 179.85 രൂപയും, ഡീസലിന് 174.15 രൂപയും, മണ്ണെണ്ണയ്ക്ക് 155.95 രൂപയും, ലൈറ്റ് ഡീസല്‍ 148.41 രൂപയും ആയി.

പാകിസ്ഥാന്‍ സര്‍ക്കാരും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ഖത്തറില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ ആറു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക രക്ഷാപ്രവര്‍ത്തനവും ഐഎംഎഫ് സ്റ്റാഫ് ലെവല്‍ കരാറും അവസാനിച്ചു. പാകിസ്ഥാന്‍ ഇന്ധന, ഊര്‍ജ സബ്‌സിഡികള്‍ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് ഐഎംഎഫ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐഎംഎഫ് ഒരു ആശ്വാസവും നല്‍കില്ലെന്നു വ്യക്തമായതാണ് ഇന്ധന വിലയുടെ ഭാരം ജനങ്ങളിലേക്ക് പകരാന്‍ നിര്‍ബന്ധിതമായതെന്നു മിഫ്ത പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഐഎംഎഫുമായി ധാരണയുണ്ടാക്കിയെങ്കിലും, ജൂണ്‍ വരെ വില നിയന്ത്രിച്ചിരുന്നു. ഏപ്രിലില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍, പുതിയ സര്‍ക്കാരിന് ഐഎംഎഫ് പിന്തുണ ആവശ്യമായിരുന്നുവെങ്കിലും ചര്‍ച്ചകള്‍ പാളുകയായിരുന്നു. ഐഎംഎഫിന്റെ ഇന്ധനവില വര്‍ധിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇന്ത്യന്‍ രൂപയ്‌ക്കെതിരേ പാകിസ്ഥാന്‍ കറന്‍സിയുടെ മൂല്യവും ഇടിയുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved