സ്വര്‍ണ നിക്ഷേപം വാരിക്കൂട്ടി പലാന്റിര്‍; വിശദാംശം ഇങ്ങനെ

August 18, 2021 |
|
News

                  സ്വര്‍ണ നിക്ഷേപം വാരിക്കൂട്ടി പലാന്റിര്‍; വിശദാംശം ഇങ്ങനെ

പ്രമുഖ ഡേറ്റ അനലിറ്റിക്സ് സോഫ്റ്റ്വെയര്‍ കമ്പനിയായ പലാന്റിര്‍ സ്വര്‍ണത്തില്‍ നിക്ഷേപം വാരിക്കൂട്ടുന്നു. ഓഗസ്റ്റില്‍ മാത്രം 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണക്കട്ടികള്‍ കമ്പനി വാങ്ങി. പലാന്റിര്‍ പോലൊരു കമ്പനി സ്വര്‍ണത്തില്‍ പൈസയിറക്കുന്നത് കോവിഡാനന്തര സമ്പദ്ഘടനയിലെ അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുകയാണെന്ന വാദം സാമ്പത്തിക രംഗത്ത് ഇതോടെ ശക്തമാവുകയാണ്.

കഴിഞ്ഞവര്‍ഷമാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണത്തിന്റെ ഔണ്‍സ് വില 2,000 ഡോളര്‍ പിന്നിടുന്നത്. കോവിഡ് ഭീതിയും അമേരിക്കന്‍ സര്‍ക്കാരിന്റെ ഉത്തേജന നടപടികളും സുരക്ഷിത നിക്ഷേപമായി അറിയപ്പെടുന്ന സ്വര്‍ണത്തിന്റെ ഉയര്‍ച്ചയ്ക്ക് ഗുണം ചെയ്തു. ഈ വര്‍ഷമാകട്ടെ പണപ്പെരുപ്പം കുതിച്ചുയരുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ സ്വര്‍ണത്തിന് സാധിക്കുമെന്നത് നിക്ഷേപകരുടെ നോട്ടം പൊന്നില്‍ പതിയാനുള്ള പ്രധാന കാരണമായി മാറുന്നു.

ഇതൊക്കെയാണെങ്കിലും കഴിഞ്ഞവര്‍ഷത്തെ വിലനിലവാരം വെച്ചുനോക്കുമ്പോള്‍ ഇക്കുറി 7 ശതമാനത്തോളം തകര്‍ച്ച സ്വര്‍ണം നേരിടുന്നുണ്ട്. ഇതിനിടെ ക്രിപ്റ്റോകറന്‍സികളുടെ കുതിപ്പും സ്വര്‍ണത്തിന്റെ മാറ്റ് ഒരല്‍പ്പം കുറയ്ക്കുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് സാധിക്കുമെന്ന് ഒരുവിഭാഗം നിക്ഷേപകര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എന്തായാലും പലാന്റിറിന്റെ ശ്രദ്ധ മുഴുവനായും സ്വര്‍ണത്തില്‍ത്തന്നെ. ഓഗസ്റ്റില്‍ 50.7 മില്യണ്‍ ഡോളറിന്റെ 100-ഔണ്‍സ് സ്വര്‍ണക്കട്ടികളാണ് കമ്പനി വാങ്ങിക്കൂട്ടിയത്. നിലവില്‍ അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലെ സുരക്ഷിത താവളത്തിലാണ് പലാന്റിര്‍ ഈ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് സുരക്ഷ നല്‍കുന്നതിനായി മറ്റൊരു സുരക്ഷാ കമ്പനിയെയും പലാന്റിര്‍ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് പലാന്റിര്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നേരിട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഓഹരി വിപണിയില്‍ എത്തി ഏറെക്കഴിയും മുന്‍പേ കമ്പനി എല്ലാ ബാധ്യതകളും ഒടുക്കി സ്വതന്ത്രമായി. കഴിഞ്ഞ രണ്ടു പാദത്തിലും ഉയര്‍ന്ന വരുമാനം കുറിക്കാന്‍ പലാന്റിറിന് സാധിച്ചു. രണ്ടാം പാദത്തില്‍ 20 പുതിയ ഉപഭോക്താക്കളാണ് പലാന്റിറിന്റെ സേവനങ്ങള്‍ക്കായി പേരുചേര്‍ത്തത്. നിലവില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്ന തിരക്കിലാണ് കമ്പനി. കഴിഞ്ഞ രണ്ടു പാദങ്ങളിലായി നൂറിലധികം പേരെ സെയില്‍സിലേക്ക് കമ്പനി നിയമിച്ചു.

നേരത്തെ, സ്വകാര്യ കമ്പനി നടത്തിയതുകൊണ്ട് പലാന്റിര്‍ ഇപ്പോഴും ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത നടപടി ക്യാഷ് സപ്ലൈ വര്‍ധിപ്പിച്ചു. ഇതോടെ നിലവിലുള്ള ഉപഭോക്താക്കളില്‍ത്തന്നെ നിക്ഷേപം നടത്താനുള്ള അവസരമാണ് പലാന്റിറിന് കൈവരുന്നത്. ശൈശവദശയിലുള്ള നിരവധി കമ്പനികള്‍ പലാന്റിറിന്റെ സേവനങ്ങള്‍ തേടുന്നുണ്ട്. ഈ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ പലാന്റിറിന് ഉദ്ദേശമുണ്ട്. നിലവില്‍ ആഡ്തിയോറന്റ്, ഫാസ്റ്റ് റേഡിയസ്, ഫിന്‍ആസല്‍, ട്രൈടിയം പോലുള്ള കമ്പനികളില്‍ പലാന്ററിന് പങ്കാളിത്തമുണ്ട്.

ഇതേസമയം, സ്വര്‍ണത്തില്‍ മാത്രമായി പലാന്റിര്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോ പരിമിതപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. ബാലന്‍സ് ഷീറ്റില്‍ ബിറ്റ്കോയിനോ മറ്റു ക്രിപ്റ്റോകറന്‍സികളോ ഉള്‍പ്പെടുത്താനുള്ള സാധ്യത കമ്പനിയുടെ ഫൈനാന്‍സ് മേധാവി ഡേവ് ഗ്ലേസര്‍ തള്ളിക്കളയുന്നില്ല. വരുംഭാവിയില്‍ നിക്ഷേപ രീതി വൈവിധ്യപ്പെടുത്താന്‍ പലാന്റിര്‍ നടപടിയെടുത്തേക്കും.

Related Articles

© 2025 Financial Views. All Rights Reserved